Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ക്ക് താല്‍പര്യമേറിയതായി പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദുറിന് ശേഷം ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ക്ക് താല്‍പര്യമേറിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കണ്ടുമുട്ടുമ്പോള്‍ തനിക്ക് വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കക്ഷി രാഷ്ട്രീയത്തിന് അപ്പുറമായി രാജ്യതാത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. രാജ്യം ഐക്യത്തിന്റെ ശക്തി ഇതിനോടകം കണ്ടുകഴിഞ്ഞു. അതിനാല്‍ സഭയിലെ എല്ലാ എംപിമാരും അതിന് ശക്തി പകര്‍ന്ന് മുന്നോട്ട് പോകണം, ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടേതായ അജണ്ടയുണ്ടാകും എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ രാഷ്ട്രീയമായ വിയോജിപ്പുകള്‍. മാറ്റിവെച്ച് രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോഡി പറഞ്ഞു.ഇന്ത്യയുടെ സൈനിക കരുത്ത് ലോകം മുഴുവന്‍ കണ്ടിരിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം നിശ്ചയിച്ച ലക്ഷ്യം 100% കൈവരിച്ചു. ഭീകര തലവന്മാരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി,മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങളില്‍ ലോകം ഏറെ താത്പര്യപ്പെട്ടു. ഈയിടെയായി, ഞാന്‍ ലോകത്തുള്ളവരെ കണ്ടുമുട്ടുമ്പോഴെല്ലാം മനസ്സിലാകുന്നത്, ഇന്ത്യ നിര്‍മിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങളോടുള്ള ലോകത്തിന്റെ ആകര്‍ഷണം വര്‍ദ്ധിച്ചുവരികയാണ് എന്നതാണ്അദ്ദേഹം പറഞ്ഞു .

പാര്‍ലമെന്റിന്റെ ഈ മണ്‍സൂണ്‍ സമ്മേളനം ഒരു വിജയാഘോഷം പോലെയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യയുടെ പതാക ഉയര്‍ന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ്. എല്ലാ എംപിമാരും രാജ്യത്തെ ജനങ്ങളും ഒരേ സ്വരത്തില്‍ ഈ നേട്ടത്തെ പ്രകീര്‍ത്തിക്കും. ഇത് നമ്മുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഒരു പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Exit mobile version