കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ (റൂഫ്‌ടോപ്പ് സോളാർ പദ്ധതി) പ്രതീക്ഷിച്ച വേഗത കൈവരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. 40 % വരെ സബ്‌സിഡി വാഗ്ദാനം ചെയ്തിട്ടും, ബാങ്ക് വായ്പകളിലെ കാലതാമസവും സംസ്ഥാന വൈദ്യുതി ബോർഡുകളുടെ സഹകരണമില്ലായ്മയും പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നു. 2024 മാർച്ചോടെ 40 ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമെങ്കിലും നിലവിൽ 23.6 ലക്ഷം അപേക്ഷകൾ മാത്രമാണ് പൂർത്തീകരിക്കാനായത്.
സൗരോർജ്ജ വ്യാപനം വര്‍ധിപ്പിക്കാൻ സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും താഴെത്തട്ടിൽ നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു. രേഖകളിലെ നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാങ്കുകൾ വായ്പകൾ നിരസിക്കുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയാൽ പാനലുകൾ പിടിച്ചെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് ബാങ്കുകളെ പിന്നോട്ടടിക്കുന്നത്.
വീടുകൾ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങിയാൽ തങ്ങളുടെ വരുമാനം കുറയുമെന്ന് സംസ്ഥാന വൈദ്യുതി ബോർഡുകൾ (ഡിസ്കോം) ഭയപ്പെടുന്നു. പ്രത്യേകിച്ച്, ഉയർന്ന നിരക്കിൽ വൈദ്യുതി ഉപയോഗിക്കുന്ന സമ്പന്ന കുടുംബങ്ങൾ സോളാറിലേക്ക് മാറുന്നത് ബോർഡുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
സമർപ്പിക്കപ്പെടുന്ന അഞ്ചിൽ മൂന്ന് അപേക്ഷകളും അംഗീകാരം ലഭിക്കാതെ കെട്ടിക്കിടക്കുകയാണ്. ഭൂമിയുടെ രേഖകൾ മരിച്ച ബന്ധുക്കളുടെ പേരിലായിരിക്കുന്നതും വൈദ്യുതി ബില്ലിലെ കുടിശികയും അപേക്ഷകൾ നിരസിക്കാൻ കാരണമാകുന്നു. 2030-ഓടെ 500 ജിഗാവാട്ട് ശുദ്ധ ഊർജ്ജം ഉല്പാദിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ മന്ദഗതി വലിയ വെല്ലുവിളിയാണ്. സോളാർ പദ്ധതികൾ പരാജയപ്പെടുന്നത് രാജ്യം കൽക്കരി അധിഷ്ഠിത വൈദ്യുതിയെ കൂടുതൽ കാലം ആശ്രയിക്കാൻ ഇടയാക്കും.
രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക് ഈട് ആവശ്യമില്ലെന്ന് സർക്കാർ നിര്‍ദേശമുണ്ടെങ്കിലും പല ബാങ്കുകളും ഇപ്പോഴും ഈട് ആവശ്യപ്പെടുന്നതായി പുനരുപയോഗ ഊർജ്ജ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കുകളുമായി ചേർന്ന് ഡോക്യുമെന്റേഷൻ നടപടികൾ ലളിതമാക്കാൻ കേന്ദ്ര സാമ്പത്തിക സേവന വകുപ്പ് ശ്രമിക്കുന്നുണ്ട്. വായ്പാ അപേക്ഷകർക്ക് ടൈറ്റിൽ ക്ലെയിമുകൾ തീർപ്പാക്കുന്നതിനും ഉപഭോക്തൃ ഫീഡ്‌ബാക്കിന് മറുപടി നൽകുന്നതിനും പുതിയ സംവിധാനങ്ങൾ ഒരുക്കുമെന്നും വക്താക്കൾ അറിയിച്ചു. നിലവിൽ മൂന്ന് ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു തുടങ്ങിയതായാണ് മന്ത്രാലയത്തിന്റെ അവകാശവാദം.

