Site iconSite icon Janayugom Online

റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാനാവില്ല: മുഖ്യമന്ത്രി

CMCM

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വയ്ക്കാനാവില്ലെന്ന് പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റേഷൻകടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിര്‍ദ്ദേശങ്ങളാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതായതിനാൽ കേരളം ഇത് നടപ്പാക്കില്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

പൊതുവിതരണത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാന്‍ കേന്ദ്രനീക്കം: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാനാണ് കേന്ദ്രനീക്കമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകള്‍ക്ക് മുന്നില്‍ മോഡിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത് ഇതിന്റെ ഭാഗമായാണ്.
കേരളത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ 14000ത്തോളം പൊതുവിതരണകേന്ദ്രങ്ങളുണ്ട്. ഇവിടെ പ്രതിമാസം 86 ലക്ഷത്തിലധികം ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നു. അതിലൂടെ തങ്ങളുടെ രാഷ്ട്രീയം ജനങ്ങളെ അറിയിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. മോഡിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുകള്‍ കെട്ടണം, മോഡിയുടെ പടമുള്ള ക്യാരിബാഗുകള്‍ കൊടുക്കണം, പ്രധാനമന്ത്രിയുടെ കട്ടൗട്ടുകള്‍ വച്ച് സെല്‍ഫിയെടുത്ത് അയച്ചുകൊടുക്കണം എന്നെല്ലാമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോഡിയുടെ ചിത്രമുള്ള ബോര്‍ഡ് വയ്ക്കാന്‍ കേന്ദ്രം കത്ത് തന്നെങ്കിലും സംസ്ഥാനം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 43 ശതമാനം മലയാളികള്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നുവെന്നത് ജനങ്ങള്‍ അറിയണമെന്നാണ് അവര്‍ ഇത്തരം നീക്കത്തിന് കാരണമായി പറയുന്നത്. ബാക്കി വരുന്ന വിഭാഗത്തിന് 3.99 ലക്ഷം മെട്രിക് ടണ്‍ അരി 8.30 രൂപ സംസ്ഥാന സർക്കാർ വില നല്‍കി എഫ്‌സിഐയില്‍ നിന്ന് എടുത്ത് നീല കാർഡുകാർക്ക് നാല് രൂപയ്ക്കും വെള്ള കാർഡുകാർക്ക് 10.90 രൂപയ്ക്കുമാണ് റേഷന്‍കടകളിലൂടെ നല്‍കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണ്. എതെങ്കിലും ഘട്ടത്തില്‍ ഇതെല്ലാം സംസ്ഥാനം ചെയ്യുന്നതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള അല്പത്തരം കേരളം കാണിച്ചിട്ടില്ല. ഫെഡറല്‍ സംവിധാനത്തിന് ചേര്‍ന്ന ശൈലിയല്ല അതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: PM’s pic­ture can’t be dis­played in ration shops: CM

You may also like this video

Exit mobile version