രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പും ചട്ടങ്ങളും പ്രകാരം ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യംവയ്ക്കുന്നത് കടുത്ത ലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിൽ രാജ പറഞ്ഞു.
ഇതുസംബന്ധിച്ച് നിരവധി സർക്കുലറുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അവസാന സർക്കുലർ പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രകോപനപരവും നിയമവിരുദ്ധവും മാത്രമല്ല സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതും ആണെന്ന് വ്യക്തമാണെന്ന് രാജ അഭിപ്രായപ്പെട്ടു. അദ്ദേഹം മംഗളസൂത്ര പരാമർശിക്കുമ്പോൾ ഹിന്ദു സമൂഹത്തെയും നുഴഞ്ഞുകയറ്റക്കാരൻ എന്ന് പരാമർശിക്കുമ്പോൾ അർത്ഥമാക്കുന്നത് മുസ്ലിം സമുദായത്തെയുമാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് രാജ കത്തിൽ ആവശ്യപ്പെട്ടു.
English Summary: PM’s speech breach of code of conduct: D Raja
You may also like this video