Site iconSite icon Janayugom Online

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണ് പിഎംശ്രീ : എഐഎസ്എഫ്

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണ് പിഎംശ്രീ പദ്ധതിയെന്ന് എഐഎസ്എഫ് തൃശൂർ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പിഎംശ്രീ പദ്ധതിയിലേക്ക് കേരളം ഭാഗമായാൽ ഒരു ബ്ലോക്കിലെ രണ്ടു സ്‌കൂളുകൾ വീതം കേന്ദ്രനിയന്ത്രണത്തിലാവുന്ന സ്ഥിതി വിശേഷമുണ്ടാവും. എൻഇപി പൂർണമായി നടപ്പാക്കേണ്ടിവരികയും കേന്ദ്രപാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ രണ്ടുതട്ടിലാക്കും ചെയ്യും. വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻഇപി എന്ന വസ്തുത സർക്കാർ മനസ്സിലാക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

എഐഎസ്എഫ് ജില്ലാ സമ്മേളനം രണ്ടാം ദിനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ്കുമാർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പ്രദീപ് കുമാർ, കെ എസ് ജയ, എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, എഐഎസ്എഫ് ദേശീയ കൗൺസിൽ അംഗം അലൻപോൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി മീനൂട്ടി, സിജോ പൊറത്തൂർ എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി കെ എസ് അഭിറാം (പ്രസിഡന്റ്), മിഥുൻ പോട്ടക്കാരൻ (സെക്രട്ടറി) എന്നിവരെയും വൈസ് പ്രസിഡൻ്റുമാരായി സാനിയ, പ്രവീൺ ഫ്രാൻസിസ്, നിരഞ്ജൻ കൃഷ്ണ, ജോയിൻ്റ് സെക്രട്ടറിമാരായി അരവിന്ദ് കൃഷ്ണ, പി ശിവപ്രിയ, അനന്തകൃഷ്ണൻ പാലാഴി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

Exit mobile version