Site iconSite icon Janayugom Online

ന്യൂമോണിയ വ്യാപിക്കുന്നു: ചൈനയിലെ സ്കൂളുകള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയില്‍

CHinaCHina

ചെെനയില്‍ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ ബാധ രൂക്ഷമാകുന്നു. രാജ്യത്തെ ആശുപത്രികളില്‍ പലതും ന്യുമോണിയ ബാധിതരായ കുട്ടികളെക്കൊണ്ട് നിറയുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലസ്ഥാനമായ ബെയ‍്ജിങ്ങിലും ലിയോണിങ്ങിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മിക്ക സ്കൂളുകളും വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ അടച്ചിടേണ്ട സ്ഥിതിയാണ്. രോഗവ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചെെനീസ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക വിശദീകരണം തേടിയിട്ടുണ്ട്. 

രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധരണമായ ലക്ഷണങ്ങളുണ്ട്. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന രോഗബാധയെക്കുറിച്ച് പഠിക്കുന്ന നിരീക്ഷണ സംവിധാനമായ പ്രോമെഡാണ് കുട്ടികളെ ബാധിക്കുന്ന ന്യുമോണിയയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. 2019 ഡിസംബറില്‍ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് ആണ്. കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ല. ഇത്രയധികം കുട്ടികള്‍ പെട്ടന്ന് രോഗബാധിതരാകുന്നത് ഇതാദ്യമായിരിക്കും. മുതിര്‍ന്നവരെ ബാധിച്ചതായി സൂചനയില്ല എന്നാണ് പ്രോഡ് അറിയിച്ചത്. എന്നാല്‍ ഇതൊരു മഹാമാരിയാകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതായി ചെെനീസ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയൽ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, സാര്‍സ് കോവ് തുടങ്ങിയ രോഗകാരികളുടെ രക്തചംക്രമണവുമാണ് ഈ വർധനവിന് കാരണമായി ചൈനീസ് അധികൃതർ പറയുന്നത്. ഒക്‌ടോബർ പകുതി മുതൽ, വടക്കൻ ചൈനയിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ മുൻ മൂന്ന് വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർധിച്ചതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Pneu­mo­nia spreads: Chi­na’s schools under threat of closure

You may also like this video

Exit mobile version