Site icon Janayugom Online

കുട്ടികളിലെ ന്യൂമോകോക്കസ് പ്രതിരോധ വാക്സിൻ ഇന്നു മുതല്‍

A nurse giving a little boy a shot as he sits in the doctors office on an examining table.

ഇന്നു മുതല്‍ കുട്ടികള്‍ക്കായുള്ള പുതിയൊരു വാക്സിനേഷന്‍ കൂടി ആരംഭിക്കും. ന്യൂമോണിയ പ്രതിരോധ വാക്‌സിനാണിത്. കുട്ടികള്‍ക്ക് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പി.സി.വി നല്‍കിയാല്‍ മതി. ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പി.സി.വി)ആണ് നല്‍കിത്തുടങ്ങുന്നത്.

ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം ഒന്‍പത് മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. ആദ്യമാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതാണ്. ഈ മാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്സിന്‍ ലഭ്യമായിട്ടുണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം.

വാക്‌സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജില്ലകളില്‍ അടുത്ത വാക്സിനേഷന്‍ ദിനം മുതല്‍ ഈ വാക്സിന്‍ ലഭ്യമാകുന്നതാണ്.

Eng­lish Sum­ma­ry : Pnue­mo­nia vac­ci­na­tion for chil­dren starts from today

You may also like this video :

Exit mobile version