Site iconSite icon Janayugom Online

ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്സോ പ്രതി ബംഗളൂരുവിൽ പിടിയിൽ

സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്സോ കേസ് പ്രതി പൊലീസ് പിടിയിലായി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും നവംബർ 24 ന്
രക്ഷപെട്ടത്.

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.

തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ എസ് പി ജെ സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ വെസ്റ്റ് എസ് ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ് നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗ്ളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

eng­lish sum­ma­ry; Poc­so accused arrest­ed in Bangalore

you may also like this video;

Exit mobile version