ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ ഉത്തര്‍പ്രദേശ് കോടതി ഉത്തരവിട്ടു. പ്രയാഗ് രാജിലുള്ള പ്രത്യേക പോക്സോ കോടതിയുടേതാണ് നടപടി. സ്വാമിയുടെ കീഴിലുള്ള ആശ്രമത്തിലെ അന്തേവാസികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ജുൻസി പൊലീസ് ഇൻസ്‌പെക്ടർക്ക് കോടതി നിര്‍ദേശം നൽകിയത്. വാരാണസിയിലെ വിദ്യാ മഠം എന്ന സ്ഥാപനത്തിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് അശുതോഷ് ബ്രഹ്മചാരി മഹാരാജ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇരകളായ കുട്ടികളുടെ വിശദമായ മൊഴികളും ഹർജിക്കാർ ഹാജരാക്കിയ പ്രാഥമിക തെളിവുകളും പരിശോധിച്ച ശേഷം പ്രത്യേക ജഡ്ജി വിനോദ് കുമാർ ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭാരതീയ ന്യായ സന്‍ഹിതയിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ 3, 5, 9, 17 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. അടുത്തിടെ പ്രയാഗ് രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരുമായി സ്വാമി അവിമുക്തേശ്വരാനന്ദ തർക്കത്തിലേർപ്പെട്ടിരുന്നു. മൗനി അമാവാസി നാളിൽ പുണ്യസ്നാനം നടത്തുന്നതിൽ നിന്നും ഭരണകൂടം തന്നെ തടഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആദിത്യനാഥും അവിമുക്തേശ്വരാനന്ദയും തമ്മില്‍ വാക്പോര് നടന്നുവരുകയായിരുന്നു.

