Site iconSite icon Janayugom Online

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി. ഗിരീഷാണ് നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വർഷം ജൂൺ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിൽ വെച്ച് നാലര വയസുകാരിയെ നടൻ പീഡിപ്പിച്ചെന്നും കുടുംബ തർക്കങ്ങൾ മുതലെടുത്തായിരുന്നു പീഡനമെന്നും കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടൻ ഹൈക്കോടതിയെ സമീപിക്കുകയും ആയിരുന്നു. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നെങ്കിലും നടനെ അറസ്റ്റ് ചെയ്‌തിരുന്നില്ല. ഇതുസംബന്ധിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.

ഇതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ നടൻ മുൻ‌കൂർ ജാമ്യാപേക്ഷയുമായി എത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു.

Exit mobile version