Site iconSite icon Janayugom Online

മഴവിരൽത്തണുപ്പ്

ചില നേരങ്ങളിൽ,
നിനക്ക് ഞാനുണ്ടെന്ന
ചേർത്തു പിടിക്കൽ
വെറുമൊരു വാക്കല്ല-
മണ്ണിലേക്ക്
ഞെട്ടറ്റു വീഴാമായിരുന്ന
ഒരിലയെ അതിന്റെ
ശാഖിയോട്
ചേർത്തു വെക്കലാണ്
അത് ഒറ്റപ്പെടലിന്റെ
വന്യമായ ഉൾക്കടൽ
അഗാധതയിൽ നിന്നും
തീരത്തിലേക്കുള്ള
ചങ്ങാടമാണ്
ഒരു വാക്കിന്റെ
സ്പർശത്താൽ
ഞാൻ എന്നും നിനക്ക്
ഇവിടെയുണ്ടെന്ന
മൺഗന്ധമിറ്റുന്ന
മഴത്തണുപ്പാണ്
ആത്മഹത്യാ മുനമ്പിൽ
നിന്നുള്ള പിന്മടക്കമാണ്
ചില നേരങ്ങളിലെ
ഒരൊറ്റ വാക്ക്,
ആർദ്രമായ നോക്ക്,
ഒരു പുഞ്ചിരി,
ഒരു വിരൽസ്പർശം
ഒക്കെയും
വരണ്ടു വിണ്ട ഭൂമിയിൽ
ആകാശം മഴവിരൽ
നീട്ടി തൊടുന്നത്
പോലെയാവുന്നതും
അങ്ങനെയാണ്

Exit mobile version