Site icon Janayugom Online

നിശ്ചലത

നിശ്ചലതയാണ്
വാഗ്ദത്ത രാജ്യം;
അനന്യമായ സ്വരാജ്യം
ദേശീയ പരമാധികാര
റിപ്പബ്ലിക്ക്.

അതിനെ വാഴ്ത്തുക സ്നേഹിക്കുക
അതിന്റെ സൗന്ദര്യത്തിൽ മുഗ്ധരാവുക
നിശ്ശബ്ദരായി അച്ചടക്കത്തോടെ
നിശ്ചലതയുടെ കൊടിപറത്തുക:
മൂകമായി നിശ്ചലതയുടെ
ദേശീയ ഗാനമാലപിക്കുക

നിശ്ചലതയുടെ സ്വാതന്ത്ര്യ ദിനമാചരിക്കുക
നിശ്ചലതയുടെ പ്രധാനമന്ത്രിയെ വാഴ്ത്തുക
അതിന്റെ അനവധിയായ പ്രതിമകളെ അനാഛാദനം ചെയ്യുക

ജനാധിപത്യത്തിന്റെ പ്രതിമ
സോഷ്യലിസത്തിന്റെ പ്രതിമ മനുഷ്യാവകാശങ്ങളുടെ പ്രതിമ
പുരോഗതിയുടെ പ്രതിമ
സാഹോദര്യത്തിന്റെ പ്രതിമ

ഓരോ പ്രതിമയും
ഓരോ ശിലാരൂപമാണ്
അതു തന്നെയാണ് പ്രമാണം

ആഹാരത്തിന്റെ പ്രതിമ
ജലത്തിന്റെ പ്രതിമ
സ്നേഹത്തിന്റെ പ്രതിമ
വെളിച്ചത്തിന്റെ പ്രതിമ

പൗരജീവിതം പ്രതിമാവസ്ഥയിലേക്കുള്ള ഉറഞ്ഞുകൂടലാണ്.
ചലിക്കുന്നതിനെയെല്ലാം നിശ്ചലതയിലേക്ക് കുറുക്കിയെടുക്കുക
ആത്മീയമായും ഭൗതികമായും ചലനത്തെ വെടിയുക
നിശ്ചലതയാണ് മോക്ഷപ്രാപ്തി.

ജീവൻ നിലനിർത്തുന്നതിനാവശ്യമായ ചലനത്തിൽ മാത്രം ഏർപെടുക.
അതു നിർവ്വഹിക്കപ്പെട്ടാൽ നിശ്ചലമാവുക
കൈ കാലുകൾ നിശ്ചലമാക്കുക കണ്ണുകൾ നിശ്ചലമാക്കുക.
നാവിനെ നിശ്ചലമാക്കുക
നിശ്ചലതയെ ബാധിക്കുന്ന
എല്ലാത്തിനേയും റദ്ദാക്കുക
ചലനത്തിന്റെ എല്ലാ
പ്രവാചകരെയും പിടികൂടുക…
അവരെ ജയിലിലടയ്ക്കുക,
അല്ലെങ്കിൽ വധിക്കുക
നിശ്ചലത അനശ്വരമാണ്
അതാണ് സത്യം സൗന്ദര്യം
പരം പൊരുൾ

Eng­lish Sam­mury: Nishcha­latha (Still­ness) a poem by Rad­hakr­ish­nan Perumbala

Exit mobile version