Site icon Janayugom Online

ഈ പലകുറി പ്രവേശങ്ങൾ പറയുന്നത്

റ്റുവെള്ളത്തില്
മൂന്നാംവട്ടം
മുടിയുലുമ്പി നിവർന്നപ്പോഴാണ്
വേദനയുടെ ഒരു മുടിക്കീറ്
അവശേഷിപ്പിച്ച്
പതിന്നാലാമത്തെ പ്രേമവും
ഒഴുകിയകന്നത്. .

തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം,
നിലാവിലുതിർന്ന മറ്റൊന്ന്,
വഴിവക്കിൽ നിന്നത്,
അയൽവക്കത്തെ തൊടിയിൽ കിളിർത്തത്,
ആകാശക്കാഴ്ച തന്നത്,
ഇനിയും പേരിടാതെ, നീലച്ചും
ചോന്നും പോടായും
ഓർമക്കളങ്ങളിൽ
സ്ഥലം പിടിച്ചവയുടെ കൂട്ടായി
ഇന്നീ പതിന്നാലാമത്തേതിനേയും
അക്കമിട്ടിരുത്തി,
സ്വസ്ഥമാക്കി. .

എല്ലാ പ്രേമവഴികൾക്കും
കഞ്ചാവിൻറെ മണമാണ്,
ഞൊടിയിലവിടെ കാടുകൾ പൂക്കും.
വടിവൊത്ത നീളൻ കാൽപാടുകളുടെ
പുറകെ പോയാൽ മതി,
പൂത്ത ഗന്ധമാദനത്തെയും
വിരൽത്തുമ്പിലാക്കാം,
നിലാവ് കുടിക്കാം,
ലക്കില്ലാതെ ഓടി
നിഴലുകളുമായി കൂട്ടിയിടിക്കാം,
മരച്ചില്ലയിൽ തൂങ്ങിയാടി, പെരുവിരലെത്തിച്ച്
ആകാശത്തെ തൊടാം,
തോന്ന്യാമലകൾ ചവിട്ടിക്കയറാം.

ഒരു മുൻപ്രേമത്തെ
വീണ്ടും കണ്ടുമുട്ടിയെന്നാൽ
അതിന്റെ കൺതടങ്ങൾ നോക്കുക,
പ്രേമവടുക്കൾ കാണും.
പത്താം പ്രേമത്തെ നീണ്ട ഇടവേളക്കു ശേഷം
കണ്ട്, അതിന്റെ ദീർഘിച്ച വടുക്കറുപ്പിലൊന്നിൽ
‘മർഹം‘പുരട്ടി,സന്ധിയായി.

ആദ്യത്തേതും പതിമൂന്നാമത്തേയും
പ്രേമങ്ങൾ
പിറവിയെടുത്ത വിശുദ്ധ ‘സംസം’ ഉറവകള്,
ഇലയനക്കം പോലൊരൊമ്പത്,
ഉന്മാദത്തിന്റെ കിണറുകൾ
തുറന്നു തന്നത് മൂന്നും ആറും.
പതിനൊന്നാം പ്രേമമൊരു
മിഠായിച്ചുവപ്പ്,
അഞ്ചൊരു രാത്രി, പത്ത് പകലുപോലെ
നേരുകേടിന്റെ കരിങ്കുപ്പായത്തിൽ
ഒരേഴാം ഇഴ,
രണ്ടിനും നാലിനുമൊരേ പോലുള്ളിരട്ടമുഖങ്ങൾ,
എട്ടൊരു കിനാവിന്റെ ചിരി,
സ്മൃതിവര പോലുമിടാതെയൊരു പന്ത്രണ്ട്!

പ്രേമമൊഴിഞ്ഞ ദിനങ്ങൾക്ക്
ഒരിരുട്ടുമുറിയുടെ തണുപ്പാണ്.
പതിന്നാലാം പ്രേമവുമൊഴിഞ്ഞുപോയ
ആ രാത്രി,
മുഴുവൻ പ്രേമങ്ങളും അടുത്തുവന്നു
കിടക്കയിൽ ചേർന്നുകിടന്നു,
അവരുടെ നിശ്വാസങ്ങൾക്ക്
ഒരേ താളമായിരുന്നു,
ഒരേ ശരീരഗന്ധങ്ങൾ വമിപ്പിച്ച്
അവർ മുറി നിറച്ചു,
പ്രേമപാടവം വർണിച്ച
അവരുടെ കഥകളെല്ലാം
ഒരേ തരമായിരുന്നു,
തിടുക്കത്തിലവർ മുഖംമൂടി മാറ്റി,
ഒരേ മുഖത്തോടെ അവരുടെ
ചുണ്ടുകൾ ഒരേ ചിരി വരച്ചു,
അവരാ ചിരി
ഈ ചുണ്ടിൽ ചേർത്തു, കരളിൽ തലോടി…

മുറ്റത്തെ
മൈലാഞ്ചിത്തലപ്പിന്നും ‘ബഹാറി‘ന്റെ ഈണം,
നിലാവ് പൊഴിയുന്നുണ്ട്,
ഇണയെത്താതെ ഒരു കാറ്റ്
പുറത്ത് കാത്തുനിൽപുണ്ട്,
‘നീ‘ഒരു നോട്ടം നീട്ടുന്നുണ്ട്,
‘ഞാൻ ’ ഈ സിത്താറിൽ ശ്രുതിയിണക്കട്ടെ…
ഈ പലകുറി പ്രവേശങ്ങൾ പറയുന്നത്.txt
Dis­play­ing ഈ പലകുറി പ്രവേശങ്ങൾ പറയുന്നത്.txt.

Exit mobile version