മലരാതടർന്ന കലികയോ പേടിച്ചു
വാടിക്കൊഴിഞ്ഞയിതൾ ഭംഗിയോ,
നീഹാരമുദ്ര പതിക്കാതെ
ചേറിൽ പുതഞ്ഞ വിഷാദമോ പേക്കിനാവോ,
പൂവിൻ നനുത്ത നിശ്വാസമോ
ചൂടാത്ത
സൗന്ദര്യസങ്കല്പസൗരഭമോ …
ആരു നീ കുഞ്ഞേ,
നിനക്കായി മാത്രമുണർന്ന
പ്രഭാതങ്ങൾ
നിന്നിൽ നിറഞ്ഞ പ്രസാദങ്ങൾ …
ചുണ്ടിലെയീണങ്ങൾ കോർത്ത മന്ദാരമോ,
കണ്ടു മതിവരാ പൗർണമിയോ?
നിന്റെ ദൈവീകസാമീപ്യം
പ്രഹ്ലാദമേ,
നിന്നോർമ്മ ദൈവീകസങ്കല്പമേ …
ഏതോ കരാളരൂപത്തിന്റെ മുഷ്ടിയിൽ
നീ ഞെരിഞ്ഞില്ലാതെ പോകയാലേ
നന്മ മരിച്ചു വസുധ തന്നാത്മാവ്
വെന്തെരിഞ്ഞു സൂര്യതാപത്തിൽ
മണ്ണിന്റെ നെഞ്ചം തകർന്നു
മനുഷ്യന്റെ വിശ്വാസം വേരടർന്നു …
ഞെട്ടറ്റുവീണ നിൻ പൂമേനി
കാണവേ
ഞെട്ടിത്തരിച്ചു,
മുലപ്പാലുണങ്ങിയ
നെഞ്ചത്തടിച്ചു മനസ്സാക്ഷി
നാളെതൻ സ്വപ്നം
വിറങ്ങലിച്ചു.
പട്ടടയിൽ ചുടുചാരമായ് നിൻ ചൊടി,
കെട്ടടങ്ങാചിത ഗദ്ഗദം പൂണ്ടുവോ?
എങ്കിലും നീ പുനർജൻമമെടുക്കുകിൽ
പൂവേ, കിനാവായ്
നിറയുമെങ്കിൽ,
എങ്കിലേ ഞാൻ പുതുവിത്തായ് ജനിച്ചു
മാമരമായ് മണ്ണിൽ പരിണമിക്കൂ …
എങ്കിലേ വേരിലൂടെന്നിൽ ലയിച്ചു നീ
ജീവനായൂർജ്ജമായ്
ചുറ്റിപ്പിണഞ്ഞു
ഹരിതകവർണ്ണമായ്
സൂര്യപ്രതീക്ഷയായ്
നിത്യചൈതന്യമായ് പൂത്തുലയൂ,
എങ്കിലേ കാലം കലങ്ങിത്തെളിഞ്ഞ
വപുസ്സുമായ് മുന്നിൽ നയിക്കുകുള്ളൂ …
Ajayagosh Narayanan (PhD)
Capacity Building
Box 434, Maseru 100,
Lesotho, 00266 63156513