Site iconSite icon Janayugom Online

കലോത്സവ പ്രതിഭകളുടെ കവിതകൾ പുസ്തകമാവുന്നു

bookbook

ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനാ മത്സരത്തിൽ മാറ്റുരച്ച പ്രതിഭകളുടെ കവിതകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ കലാസാഹിതി ട്രസ്റ്റ് എന്ന അധ്യാപക കൂട്ടായ്മയാണ് കലോത്സവ കവിതകൾ എന്ന പേരിൽ സമാഹാരം പുറത്തിറക്കുന്നത്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ 14 ജില്ലകളിൽ നിന്ന് ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി തലങ്ങളിൽ മലയാളം കവിതാരചനാ മത്സരത്തിൽ പങ്കെടുത്ത 28 വിദ്യാർത്ഥികളുടെ കവിതകളാണ് സമാഹാരത്തിലുളളത്. കവിതാരചനയിൽ 28 മത്സരാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. ഈ 28 ബാല കവികളിൽ 27 പേരും പെൺകുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എം കെ അഷീഖ് മർജാനാണ് ഏക ആൺകുട്ടി. 

ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നോവൽ, കഥ, കവിത വിഭാഗങ്ങളിലായി പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ബാലസാഹിത്യകാരി സിനാഷയുടെ കവിതയും സമാഹാരത്തിലുണ്ട്. കവി പി കെ ഗോപിയാണ് അവതാരിക എഴുതിയിട്ടുള്ളത്. അരിക്കുളം കെപിഎംഎസ്എം ഹയർസെക്കന്‍ഡറി സ്ക്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്ന സതീഷ് ബാബു പൊയിൽ ആണ് എഡിറ്റർ. പ്രകാശനം ഈ മാസം 25 ന് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ പ്രൊഫ. സി പി അബൂബക്കർ നിർവഹിക്കും. പ്രൊഫ. ജയലക്ഷ്മി ഉണ്ണിത്താൻ ആദ്യ പ്രതി ഏറ്റുവാങ്ങുമെന്ന് ദേശീയ കലാസാഹിതി ട്രസ്റ്റ് സെക്രട്ടറി പൃഥീരാജ് മൊടക്കല്ലൂർ പറഞ്ഞു.

Eng­lish Sum­ma­ry: Poems of Kalot­sa­va tal­ents become books

You may also like this video

Exit mobile version