Site iconSite icon Janayugom Online

കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

ഗാനരചയിതാവും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. ചലച്ചിത്ര നടന്‍, തായമ്പക വിദ്ഗധന്‍ എന്നിങ്ങനെയും പ്രശസ്തനാണ്.
ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമായ കൃഷ്ണന്‍കുട്ടി ഏതാനും ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. മൂവായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയല്‍ സ്‌കൂള്‍, മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നവജീവന്‍ ദിനപത്രത്തിന്റെ സബ് എഡിറ്റര്‍, സ്വതന്ത്രമണ്ഡപം (ഗുരുവായൂരില്‍ നിന്നുള്ള ആദ്യത്തെ സായാഹ്നപത്രം) പത്രാധിപര്‍, കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, 1966ല്‍ മലയാള മനോരമ (കോഴിക്കോട്) പത്രാധിപ സമിതി അംഗം. തുടര്‍ന്ന് അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ച് 2004ല്‍ വിരമിച്ചു.
കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍, കീഴ്പ്പടം കുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്പക്കുള്ളം പാച്ചുപിള്ള, കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങി ധാരാളം ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കഥ, കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
പ്രൊഫഷണല്‍ നാടകരംഗത്ത് നല്ലൊരു അഭിനേതാവും ഏറ്റവും നല്ല ഗാനരചയിതാവിനുള്ള (നാടകം — അഗ്രഹാരം) സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രഗാനങ്ങള്‍, റേഡിയോ നാടകങ്ങള്‍ എന്നിവയും 3500ല്‍പ്പരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭക്തപ്രിയ മാസികയുടെ തുടക്കം മുതലുള്ള പത്രാധിപ സമിതി അംഗമായിരുന്നു.
പുരസ്‌കാരങ്ങള്‍ : ജ്ഞാനപ്പാന, രേവതി പട്ടത്താനം, തിരുവെങ്കിടാചലപതി, പാമ്പാടി നാഗരാജക്ഷേത്രം, വേദക്കാട് ക്ഷേത്രം, പുത്തൂര്‍ ദേവിക്ഷേത്രം, ഗുരുവായൂര്‍ നഗരസഭാ പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, വാരിയര്‍ സമാജത്തിന്റെ സഞ്ജീവനി അവാര്‍ഡ്, ടോംയാസ് അവാര്‍ഡ്, ഗീതാഗോവിന്ദം അവാര്‍ഡ്, സിദ്ധിനാഥാനന്ദസ്വാമി പുരസ്‌കാരം.

1936ല്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് ജനനം.അമ്മ: പാറുക്കുട്ടി വാരസ്യാര്‍. അച്ഛന്‍: കാവില്‍ വാരിയത്ത് ശങ്കുണ്ണി വാര്യര്‍. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മകള്‍: ഉഷ, മകന്‍: ഉണ്ണികൃഷ്ണന്‍. മരുമകന്‍: പരേതനായ സുരേഷ് ചെറുശ്ശേരി. മരുമകള്‍ : ഗീത. പേരക്കുട്ടികള്‍ : അര്‍ച്ചന, ആരതി, അനന്യ, അര്‍ജുന്‍.

Exit mobile version