Site iconSite icon Janayugom Online

ഗഗനനീലിമയായ് ഗദ്ദർ

ടുവിൽ ഇന്ത്യ കണ്ട ഊർജപ്രവാഹിനിയായ വിപ്ലവകവി ഗുമ്മടി വിട്ടൽ റാവു എന്ന ഗദ്ദർ സമാധിസ്ഥനായി. ആൾവാളിലെ മഹാബോധി വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നാലു സിമന്റ് സ്ലാബുകൾക്കുള്ളിൽ, ആ കണ്ഠം നിശബ്ദമായി.
ഇന്ത്യ കണ്ട ഏറ്റവും ജനത്തിരക്കുള്ള ശവസംസ്കാര ചടങ്ങ് ശാന്തിനികേതനിലായിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിദ്ര. തന്റെ മൃതദേഹസംസ്കരണം എങ്ങനെ വേണമെന്ന് ടാഗോർ വേണ്ടപ്പെട്ടവരോടു പറഞ്ഞിരുന്നു. നിശബ്ദമായിരിക്കണം. വിശ്വകവി രവീന്ദ്രനാഥ ടാഗോർ എന്നൊന്നും ഉറക്കെ വിളിക്കരുത്. വന്ദേമാതരം പോലും വിളിക്കരുത്. പൂർണ നിശബ്ദതയിൽ ഒടുങ്ങാൻ അനുവദിക്കണം. പക്ഷേ അനുയായികൾ കവിയുടെ അന്ത്യാഭിലാഷം അനുസരിച്ചില്ല. മരണമുറിയിലേക്ക് അപരിചിതർ ഇരച്ചുകയറി. പിന്നെ നടന്നതെല്ലാം വികാരത്തിന്റെ കൊടിതോരണങ്ങൾ ഉയർത്തിയ രംഗങ്ങളായിരുന്നു. നിരത്തിനിരുവശവുമുള്ള മാളികകളിൽ നിന്നുപോലും സ്ത്രീകളും കുഞ്ഞുങ്ങളും ടാഗോറിന്റെ ശവമഞ്ചത്തിലേക്ക് പൂക്കളെറിഞ്ഞു.
ഗദ്ദർ ഒരു പഞ്ചായത്തംഗം പോലും ആയിരുന്നില്ല. പക്ഷേ ലാൽബഹദൂർ സ്റ്റേഡിയത്തിൽ അന്ത്യശുശ്രൂഷയ്ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തന്നെ നേതൃത്വം നല്‍കി. പൂക്കളുമായി വന്നവരെ തോളിൽ തട്ടി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വൻ പൊലീസ് സംഘത്തിന്റെ അന്ത്യാഭിവാദ്യത്തോടെയാണ് ഗദ്ദറിനെ തെലങ്കാന യാത്രയാക്കിയത്. തെലങ്കാനയിലെ എല്ലാ ചാനലുകളും ദിവസം മുഴുവൻ ആ വിലാപയാത്ര ജനങ്ങളിൽ എത്തിക്കാനായി മാറ്റിവച്ചു. ഒരു മുൻ മുഖ്യമന്ത്രിയുടെ വിലാപയാത്രയ്ക്കായി മൂന്നു ദിവസം മാറ്റിവച്ച കേരളത്തിലെ ചാനലുകൾ തെലങ്കാനയിലെ ഐതിഹാസികമായ വിലാപയാത്ര കണ്ടതായി ഭാവിച്ചില്ല.


ഇതുകൂടി വായിക്കൂ:  ആയിരം നിലവുമായി വന്ന എസ്‌പിബി


റോഡരികിൽ ജനങ്ങൾ ഗദ്ദറിനെ പോലെ വേഷം കെട്ടിനിന്നു. ‘അമ്മ തെലങ്കാനമു’ തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകൾ പാടി. അങ്ങനെ ഒറ്റദിവസം അസംഖ്യം ഗദ്ദർമാർ തെലങ്കാനയിലെ തെരുവുകളിലുണ്ടായി.
ചെങ്കൊടി പിടിച്ചല്ലാതെ അദ്ദേഹത്തെ ഇന്ത്യ കണ്ടിട്ടില്ല. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ഹൈദരാബാദ് സമ്മേളനത്തിൽ വച്ചാണ് ഞാനദ്ദേഹത്തെ ആദ്യം നേരിട്ടുകാണുന്നത്. അന്നും ചുവപ്പായിരുന്നു അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്നത്. കേരളത്തിൽ വരുമ്പോഴും ജാലിയൻവാലാ ബാഗിൽ പോകുമ്പോഴും ചുവപ്പായിരുന്നു ഗദ്ദറിന്റെ ഇഷ്ടവർണം. പിന്നീട് ആ വർണം നീലയ്ക്ക് വഴിമാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
ദളിത് ബാല്യകാല പശ്ചാത്തലമുള്ള ഒരാൾ, നന്നായി പഠിച്ച് എന്‍ജിനീയറിങ് വിദ്യാർത്ഥിയാവുന്നു. തെലങ്കാനയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റുകാര്‍ പരീക്ഷിച്ച് വേണ്ടെന്നുവച്ച സായുധവിപ്ലവത്തിൽ ആകൃഷ്ടനാവുന്നു; പീപ്പിൾസ് വാർ ഗ്രൂപ്പ്.
സ്വതസിദ്ധമായ വാസനയാൽ പാട്ടുകളുണ്ടാക്കി പരമ്പരാഗത രീതിയിൽ വേഷവും താളവുമിട്ട് തൊണ്ടപൊട്ടിപ്പാടി. സമൂഹം മാറണം എന്ന ആഗ്രഹമായിരുന്നു ആകെയുണ്ടായിരുന്നത്. അധഃസ്ഥിതന്റെ പക്ഷമെന്നാൽ ഇന്ത്യയിലെവിടെയും ദളിതന്റെ പക്ഷം എന്നാണല്ലോ അർത്ഥം.
ഗദ്ദർ പാടി:
“എന്തിനാണീ പറയന്റെ ജീവിതം
ഇരന്നാലുമില്ലൊരുപിടി ചോറ്
പിന്നെന്തിനാണീ പറയന്റെ ജീവിതം?
പുലയനണ്ണാ പറയനണ്ണാ
തോട്ടിയണ്ണാ കുറവനണ്ണാ
ചക്കാലനണ്ണാ ലംബാടിയണ്ണാ
ചെഞ്ചുവണ്ണാ തൂപ്പുകാരനണ്ണാ
കുലംകുലം പറഞ്ഞലഞ്ഞു
നോവുതിന്നും കൂലികളേ
തൊള്ളതുറന്നു ഞാൻ പാടുന്നു
കേൾക്കൂ മനംതുറന്നണ്ണൻമാരെ…”

അവർ കേട്ടു. പറ്റംപറ്റമായി ഗദ്ദറിനൊപ്പം അണിനിരന്നു. ഒന്നിച്ചു പാടി. കൂട്ടമായി ആടി. പക്ഷേ അപ്പോഴേക്കും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ ആയുധം താഴെവച്ചു കാട്ടിനു പുറത്തുവന്നു. പിന്നെ ആശയസംഘട്ടനങ്ങളുടെ നാളുകളായിരുന്നു. കയ്യിൽക്കിട്ടിയ തോക്കുകളുമായി ഓരോ ഗ്രൂപ്പും പലവഴിക്ക് പിരിഞ്ഞു.
ഗദ്ദറിനും മനംമാറ്റം സംഭവിച്ചു. ആ വിപ്ലവകാരിയുടെ ചിന്തകളിൽ വർഗസമരത്തെ സംബന്ധിച്ച സംശയങ്ങൾ മുളച്ചു. പതുക്കെപ്പതുക്കെ അംബേദ്കർ വിതാനിച്ച ആകാശനീലിമയിലേക്ക് ആ രാഷ്ട്രീയപ്പാട്ടുകാരൻ നീങ്ങാൻ തുടങ്ങി. ബുദ്ധചക്രം അടയാളപ്പെടുത്തിയ നീലപ്പതാക ഗദ്ദറിനു തണലായില്ല. ഗദ്ദർ പ്രജാപാർട്ടി എന്നൊരു വിപ്ലവജന സംഘടനയെക്കുറിച്ച് ഗദ്ദർ ആലോചിച്ചു. അതിനിടെയാണ് കഠിനമായ ഹൃദ്രോഗം ഗദ്ദറിനെ ആക്രമിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ആ തീപ്പന്തം അണഞ്ഞു. ഓരോ തീപ്പൊരിയും അധഃസ്ഥിതരിലേക്ക് ആളിപ്പടർന്നു.


ഇതുകൂടി വായിക്കൂ: കവിത (എഴുത്ത്) രാഷ്ട്രീയ പ്രവർത്തനമാകുന്നു


ഹിന്ദുവായി ജനിച്ച ഞാൻ ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ഡോ. അംബേദ്കർ ആയിരുന്നു. മുംബൈയിൽ ബുദ്ധമത ആചാരപ്രകാരമായിരുന്നു അംബേദ്കറുടെ ശവസംസ്കാരം നടന്നത്. അംബേദ്കർ സമാധിയെന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. അതുപോലെയായിരുന്നു ഗദ്ദറിന്റെയും അവസാനനിമിഷങ്ങൾ. താടിയും മുടിയും നീക്കി. പൂകൊണ്ടു മൂടി. സമാധിസ്ഥലത്ത് ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങൾ. ബന്ധുക്കളും സ്നേഹിതരുമെല്ലാം അടുത്തുനിന്നു. ഉപ്പും കർപ്പൂരവും നിറച്ച സിമന്റ് അറയിലേക്ക് ആ മൃതശരീരം അടക്കപ്പെട്ടു. ‘ബുദ്ധം ശരണം സംഘം ശരണം ധര്‍മ്മം ശരണം ഗഛാമി’ എന്ന മന്ത്രം ഉയർന്നു.
അംബേദ്കർ സമാധിയിലേക്ക് ഇപ്പോഴും ജനങ്ങൾ എത്താറുള്ളതുപോലെ ഇനി ഗദ്ദർ സമാധിയിലേക്കും ജനങ്ങൾ ഒഴുകിയെത്തും. അവിടെയിരുന്നവർ ‘ആഗതു ആഗതു ആഗതു ഇന്ത സായുധപ്പോരു ആഗതു’ എന്നു തൊണ്ടപൊട്ടിപ്പാടുമോ?

Exit mobile version