Site icon Janayugom Online

നിര്‍ധന രോഗികള്‍ക്കായി പുസ്തക യാത്രയുമായി കവി

നിർധനരായ രോഗികളെ സഹായിക്കാനായി കവിയുടെ പുസ്തകവണ്ടി യാത്ര. കവി സുധീർ കട്ടച്ചിറയാണ് വായനക്കാർക്ക് തന്റെ ‘പത്തേമാരി’ എന്ന 51 കവിതകളുടെ സമാഹാരവുമായി സ്കൂട്ടറിൽ യാത്ര ആരംഭിച്ചത്. വിപ്ലവകാരി പുതുപ്പള്ളി രാഘവന്റെ ശവകുടീരത്തിന് സമീപം കുടുംബാംഗമായ കെ ബി രാജന് ആദ്യ വിൽപ്പന നടത്തിയാണ് തുടക്കം. ആദ്യഘട്ടത്തിൽ നഗരങ്ങളിലാണ് വിൽപ്പന, പിന്നീട് ഗ്രാമങ്ങളിലും. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും പുസ്തകം എത്തിക്കുവാനുള്ള ശ്രമത്തിലാണെന്ന് സുധീർ പറയുന്നു. നേരിട്ട് നൽകുമ്പോൾ നൂറ് രൂപയാണ് വിലയെങ്കിലും വായനയിൽ താല്പര്യമുള്ള സാമ്പത്തിക ശേഷിയില്ലാത്തവർക്ക് സൗജന്യമായി നൽകും. മുഖ്യധാര മാധ്യമങ്ങളിൽ ഒട്ടേറെ കവിതകളും ലേഖനങ്ങളും സുധീറിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിനി മാസിക പത്രാധിപരും, നാടകഗാനരചയിതാവും, ടെലി സീരിയൽ സഹസംവിധായകനുമായിരുന്നു.

ഒഎൻവി, സുകുമാർ അഴീക്കോട്, കുരീപ്പുഴ ശ്രീകുമാർ അടക്കം പ്രശസ്തരെല്ലാം സുധീറിന്റെ മിനി മാസികയിലെ നിത്യസാന്നിദ്ധ്യമായിരുന്നു. പുസ്തകം വിറ്റ് കിട്ടുന്ന ലാഭത്തിലെ ഒരു വിഹിതം നിർധനരായരോഗികൾക്ക് മരുന്ന് വാങ്ങാനായി നൽകും. ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക വിൽപ്പന യാത്രയ്ക്കാണ് തുടക്കം കുറിച്ചത്. ചിത്രകാരൻമാരും സുഹൃത്തുക്കളുമായ മോഹനൻ വാസുദേവനും പ്രദീപ് ശങ്കുണ്ണിയുമായി ചേർന്ന് തുടങ്ങിയ മാങ്കോസ്റ്റിൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Exit mobile version