Site icon Janayugom Online

തമിഴ്‌നാട്ടില്‍ വിഷമദ്യ ദുരന്തം; 18 മരണം, മരണ സംഖ്യ ഉയര്‍ന്നേക്കും

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒരു സ്ത്രീ അടക്കം 18 പേര്‍ മരിച്ചു. 60ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്. കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ്, പോണ്ടിച്ചേരി ജിപ്മെര്‍, സേലം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് 60ഓളം പേര്‍ ചികിത്സയിലുള്ളത്. തമിഴ്നാട് ആരോഗ്യ മന്ത്രി ദുരന്ത സ്ഥലത്ത് എത്തി.
കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് നിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് വിവരം. തലവേദന. ഛര്‍ദി, തലകറക്കം, വയറു വേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദ് രാജ് (49) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 200 ലിറ്ററോളം വ്യാജ മദ്യം പിടിച്ചെടുത്തതായും ഇതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. 

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്തിനെ സ്ഥലം മാറ്റാനും ജില്ലാ പൊലീസ് സുപ്രണ്ട് സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉത്തരവിട്ടു. ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. എം എസ് പ്രശാന്തിനെ കള്ളക്കുറിച്ചി കളക്ടറായും രജത് ചതുര്‍വേദിയെ പുതിയ എസ് പിയായും നിയമിച്ചു. 

നടന്നത് വ്യാജ മദ്യദുരന്തമല്ലെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നുമായിരുന്നു കളക്ടര്‍ ശ്രാവണ്‍ കുമാറിന്റെ ആദ്യ പ്രതികരണം. മരിച്ചവരില്‍ ഒരാള്‍ മദ്യം കഴിക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്തസാമ്പിള്‍ പരിശോധിച്ചാലെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ദുരന്തകാരണം വ്യാജമദ്യമാണെന്ന് വ്യക്തമാക്കിയത്. 

Eng­lish Summary:Poisonous liquor dis­as­ter in Tamil Nadu; 18 dead, death toll like­ly to rise
You may also like this video

Exit mobile version