ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരു വര്‍ഷമാകുമ്പോള്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും കൂടുതലായി പോളണ്ടിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും എത്തിത്തുടങ്ങിയെന്ന് കേരളാ അസോസിയേഷൻ ഓഫ് പോളണ്ട് പ്രതിനിധി ചന്ദ്രമോഹൻ നല്ലൂർ. ഉക്രെയ്ന്‍ യുദ്ധകാലത്ത് ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ പോളണ്ട് വഴി കേരളത്തിലെത്തിച്ചതില്‍ പ്രവാസി ഭാരത പുരസ്ക്കാരത്തിന് നോമിനേറ്റു ചെയ്യപ്പെട്ടയാളാണ് ചന്ദ്രമോഹന്‍.
3000ത്തോളം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളതെന്നും മികച്ച ജീവിത സൗകര്യം തേടി നിരവധി യുവാക്കള്‍ യൂറോപ്യൻ രാജ്യത്തേക്ക് എത്തുകയാണെന്നും ചന്ദ്രമോഹൻ പറഞ്ഞു. ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ കേരളത്തിലേക്ക് മടങ്ങുന്നതിനായി എത്തിയവരെ സഹായിക്കുന്നതിൽ മുന്നിലുണ്ടായിരുന്നതു കൊണ്ടുതന്നെ പ്രവാസി ഭാരത പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. അമിത് ചന്ദ്രകാന്ത് ലാലിനായിരുന്നു പുരസ്കാരം ലഭിച്ചതെങ്കിലും ചെറുപ്രായത്തിൽ നോമിനേറ്റു ചെയ്യപ്പെടാൻ ഇടയാക്കിയതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ ചന്ദ്രമോഹന്‍ പോളണ്ടിനെക്കുറിച്ച് വാചാലനായി.
പാർലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടിൽ, 16 സംസ്ഥാനങ്ങളിലായി 3.8 കോടിയാണ് ജനസംഖ്യ. കോവിഡിനു പിന്നാലെ വന്ന യുദ്ധം, നാണ്യപ്പെരുപ്പം 17.2 ശതമായി ഉയർത്തി. ഇന്ത്യയിൽ 6.7 ശതമാനം നാണ്യപ്പെരുപ്പമുള്ളപ്പോൾ പോളണ്ടില്‍ ഇരട്ടിയിലേറെ ഉയർന്നത് ആശങ്കയ്ക്കിടയാക്കിയെന്ന് പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശിയായ ചന്ദ്രമോഹൻ പറഞ്ഞു. കഴിഞ്ഞ 17 വർഷമായി പോളണ്ടിൽ ജോലിചെയ്തുവരുന്ന ചന്ദ്രമോഹൻ നാട്ടിലെത്തിയപ്പോഴാണ് ജനയുഗത്തോട് മനസു തുറന്നത്.
പോളണ്ടിൽ വൻ തൊഴിൽ സാധ്യതയുണ്ടെങ്കിലും ഉക്രെയ്നിൽനിന്നുള്ള യുവാക്കൾക്ക് പോളണ്ടിലേക്ക് വരാൻ തടസമുള്ളതിനാൽ മറ്റ് വിദേശികളാണ് എത്തിച്ചേരുന്നത്. യുദ്ധാരംഭകാലത്ത് ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്.
2005ൽ സ്പെയിനിൽ പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെ ഭാഗമായി 2010ൽ പോളണ്ടിലെത്തിയ ചന്ദ്രമോഹൻ ലിക്കാ മൊബൈൽ കമ്പനിയുടെ സെന്റർ മേധാവിയായാണ് പ്രവർത്തിക്കുന്നത്. പോളണ്ടുകാരിയായ അന്നവഹ് മാനൂക്കയെ വിവാഹം ചെയ്തു. എട്ടുവയസുള്ള മായയും മൂന്നു വയസുകാരി ജൂലിയയുമാണ് മക്കള്‍.
English Summary: Poland back to status quo; The expatriates started coming back
You may also like this video