കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി അസമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പൊലീസ് അസമിൽ നിന്ന് പിടികൂടി. അപ്പർ അസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗീകമായി പീഡിപ്പിച്ച ശേഷം ഇയാൾ അസമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. മുമ്പ് പ്രതിയെ അന്വേഷിച്ചുപോയ പൊലീസ് ടീമിന് ലോക്കൽ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു.
പ്രതികൂല കാലാവസ്ഥമൂലവും ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇന്റലിജൻസിന്റെ സഹായത്താൽ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻ തന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
English Summary: Police arrested rape accused from Assam
You may also like this video