Site iconSite icon Janayugom Online

ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ നടത്തിയ ഉപരോധസമരത്തിനുനേരെ പൊലീസ് അതിക്രമം

ആര്യാട് പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ആലപ്പുഴ വഴിച്ചേരിയിലെ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫിസിലേക്ക് നടത്തിയ ഉപരോധസമരത്തിനുനേരെ പൊലീസ് അതിക്രമം. പൊലീസ് ബലപ്രയോഗത്തിലും പിടിവലിക്കുമിടെ ആര്യാട് പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള അഞ്ച് ജനപ്രതിനിധികൾക്ക് പരിക്ക്. എൽഡിഎഫ് പ്രതിനിധികളായ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിപിൻരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ബിജുമോൻ, ഏഴാംവാർഡ് കോൺഗ്രസ് പ്രതിനിധി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി നേരിടുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാത്ത വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയായിരുന്നു ജനപ്രതിധികളുടെ പ്രതിഷേധം. വഴിച്ചേരിയിലെ പ്രധാന ഓഫിസ് കവാടത്തിന് മുന്നിൽ ഉപരോധം തീർത്താണ് സമരം തുടങ്ങിയത്. 

ഇതിന് പിന്നാലെ സ്ഥലത്തെത്തിയ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി. സംസാരിക്കാൻ ജനപ്രതിനികളായ രണ്ടുപേർ എത്തണമെന്നായിരുന്നു നിർദേശം. ചർച്ചയല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന നിലപാട് എടുത്തതോടെയാണ് സംഘർഷത്തിന് വഴിമാറിയത്. സമരം ജനങ്ങൾക്കുവേണ്ടിയാണെന്നും ഫോൺവിളിച്ചിട്ടുപോലും ഉദ്യോഗസ്ഥർ എടുക്കുന്നില്ലെന്നും ജനപ്രതിധികൾ പരാതി പറഞ്ഞു. ഇതിനിടെ പ്രകോപനമില്ലാതെ പൊലീസ് സമരക്കാരായ ജനപ്രതിനിധികൾക്കുനേരെ തിരിഞ്ഞു. വഴിതടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബലംപ്രയോഗിച്ചാണ് വാഹനത്തിലേക്ക് മാറ്റിയത്. ഉന്തും തള്ളും വാക്കേറ്റവും രൂക്ഷമായതോടെ നേരിയസംഘർഷവുമുണ്ടായി. ബലപ്രയോഗത്തിനിടെ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലിന്റെ കണ്ണട തകർന്നു. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിപിൻരാജിന് നെഞ്ചിന് ഇടിയേറ്റു. വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ 17ാം വാർഡ് അംഗം കെ എ അശ്വിനിയുടെ കാലിന് പരിക്കേറ്റു . ഏഴാംവാർഡ് അംഗം വിഷ്ണുവിന്റെ കൈ ഗ്രില്ലിൽ കുടുങ്ങി. വനിത പൊലീസുകാരുടെ സാന്നിധ്യമുണ്ടായിട്ടും വനിത ജനപ്രതിനിധികളെ പിടിച്ചുമാറ്റുന്നതിനിടെ പുരുഷ പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾ കൂട്ടത്തോടെ നടത്തിയ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധസമരത്തിൽ അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകും. അതിരൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുന്നതിന് വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിപിൻരാജ്, ജി ബിജുമോൻ, കെഎ അശ്വനി, കോൺഗ്രസ് അംഗം വിഷ്ണു, മിനി ജോസഫ്, സിനിമോൾ ജോജി, പ്രസീത എന്നിവർ നേതൃത്വം നൽകി. 

Exit mobile version