Site iconSite icon Janayugom Online

നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ കളക്ടറുടെ ഉത്തരവ് കാത്ത് പൊലീസ് ; സമാധി തുറന്നാൽ ആത്മഹത്യയെന്ന് ഗോപൻ സ്വാമിയുടെ കുടുംബം

നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ കളക്ടറുടെ ഉത്തരവ് കാത്ത് പൊലീസ് നീക്കം നടത്തുമ്പോൾ സമാധി തുറന്നാൽ ആത്മഹത്യയെന്ന് വ്യക്തമാക്കി ഗോപൻ സ്വാമിയുടെ കുടുംബം രംഗത്ത്. ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറ‍യുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യമുണ്ടായിരുന്നു. അതേസമയം, കളക്ടർ ഉത്തരവ് നൽകിയാൽ സമാധി ഇന്ന് പൊലീസ് തുറന്ന് പരിശോധിക്കും. 

ഇതിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലന്നും ഇവര്‍ ആരോപിക്കുന്നു. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു.ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായതാണെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Exit mobile version