നിരവധിപേരുടെ മരണത്തിനിടയാക്കിയ ടിവികെ റാലിയിൽ പൊലീസ് കരുതിയത് 10,000 പേർ എത്തുമെന്ന്. എന്നാൽ പങ്കെടുത്തത് 50,000 ന് മുകളിൽ എന്നാണ് സൂചന. 10,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെന്ന് എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു. 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാൽ അമ്പതിനായിരത്തിലധികം പേരാണ് എത്തിയത്. സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയത്. രാവിലെ പത്തു മണി മുതൽ ആളുകൾ ഇവിടെ കാത്തുനിൽപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയ്‍യുടെ ആദ്യ പരിപാടി തീരുമാനിച്ചത് തൃച്ചിക്കടുത്ത് നാമക്കലിലായിരുന്നു.
രാവിലെ 8.45ന് നാമക്കലിൽ നടക്കേണ്ട പരിപാടിക്കായി വിജയ് തൃച്ചിയിൽ വിമാനമിറങ്ങുന്നത് 9.30 ന്. നാമക്കലിലെ ജനങ്ങളെ അഭിവാദ്യംചെയ്ത് കരൂരിലേക്ക് തിരിക്കുന്നത് വൈകീട്ട് 3.45ന്. കരൂറിൽ റാലി നിശ്ചയിച്ചിരുന്ന സമയം ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു. എന്നാൽ വഴിനീളെ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യംചെയ്ത് വിജയ് കരൂറിലെത്തുന്നത് പറഞ്ഞ സമയത്തിൽനിന്ന് ആറ് മണിക്കൂർ വൈകി 7 മണിക്കാണ്. ഇതിനിടെ വിജയ്‍യെ കാണാനായി കരൂറിലെ ഈറോഡ് ഹൈവേയിൽ ആളുകൾ തിങ്ങിനിറഞ്ഞു. ക്ഷീണിതരായ ജനങ്ങൾക്ക് വാഹനത്തിന് മുകളിൽനിന്ന് വിജയ് വെള്ളക്കുപ്പി എറിഞ്ഞുനൽകി. ഏറെ നേരം ജലപാനമില്ലാതെ തളർന്ന ആളുകൾ വെള്ളത്തിനായി കൂടുതൽ തിക്കിത്തിരക്കി. നിർജലീകരണംമൂലം തളർന്നുവീണവർക്ക് മുകളിലേക്ക് ആൾക്കൂട്ടം കയറിയിറങ്ങിയതും അപകടത്തിന്റെ തീവ്രത കൂട്ടി.

