Site iconSite icon Janayugom Online

കുണ്ടറയിൽ സിനിമയെ വെല്ലുന്ന ഏറ്റുമുട്ടൽ; വടിവാൾ വീശി പ്രതികൾ, വെടിയുതിർത്ത് പൊലീസ്

goonsgoons

കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. ഇന്ന് പുലർച്ചെ ഒന്നോടെ കുണ്ടറ പേരയം കരിക്കുഴിയിലാണ് സംഭവം.
ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ഇതിനിടെ പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ അഞ്ചു പ്രതികളെ നേരത്തെ കൊച്ചി കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു. ഇൻഫോപാർക്ക് സിഐ ബിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊല്ലത്തെത്തിയത്. 

കേസിലെ പ്രതികളായ പത്തനംതിട്ട മണ്ണക്കാല ചരുവിളയിൽ വിഷ്ണു ജയൻ (27), കൊല്ലം എഴിപ്രം ആസിഫ് മൻസിലിൽ അക്ബർ ഷാ (26), മുളവന ലോപ്പറേഡയിൽ പ്രതീഷ് (37), പനമ്പിള്ളിനഗർ പെരുമ്പിള്ളിത്തറ സുബീഷ് (39), തേവര പെരുമാനൂർ കുരിശുപറമ്പിൽ ലിജോ (35) എന്നിവരാണ് നേരത്തെ പിടിയിലായവർ. മറ്റു പ്രതികളായ പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (26- കുട്ടൻ), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27) എന്നിവർ കുണ്ടറയിൽ ഒളിവിലുണ്ടെന്ന വിവരത്തെ തുടർന്ന് ഇവർ താമസിക്കുന്ന ആന്റണിയുടെ ബന്ധുവീട് വളഞ്ഞപ്പോൾ വടിവാൾ വീശുകയായിരുന്നു. ഇരുട്ടിലേക്ക് ഓടിയ പ്രതികൾക്ക് പിന്നാലെ പൊലീസ് ഓടി എത്തിയെങ്കിലും വീണ്ടും വാൾ വീശുകയും പൊലീസ് വെടിയുതിർക്കുകയുമായിരുന്നു. 

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയാണ് തട്ടിക്കൊണ്ടുപോയി അടൂർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ലിബിന്റെ സഹോദരനോടും പിതാവിനോടും അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ലിബിനും പ്രതികളും നടത്തിയിരുന്ന വാഹന ഇടപാടുകളിലെ സാമ്പത്തിക തർക്കമാണു തട്ടിക്കൊണ്ടുപോകലിന് കാരണമായത്. അക്രമി സംഘത്തിലെ ഒരാളുടെ കാർ ലിബിൻ വർഗീസ് മറിച്ചു വിറ്റതിന്റെ പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനാൽ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ശാസ്താംകോട്ടയിലെ കഞ്ചാവു കേസിൽ പ്രതിയായ ലിബിൻ ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞ ശേഷം കാക്കനാട്ടെത്തി ലോഡ്ജിൽ ഭാര്യയ്ക്കൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ഇടച്ചിറയിലെ സൂപ്പർമാർക്കറ്റിന് മുൻപിൽ നിൽക്കുകയായിരുന്ന ലിബിനെയും ഭാര്യയെയും ഇവരുടെ സുഹൃത്തു കൂടിയായ വിഷ്ണു തന്ത്രപൂർവം കാറിൽ കയറ്റുകയും ഭാര്യയെ ഇറക്കി വിട്ടു ലിബിനെ മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ലിബിനെ ശാസ്താംകോട്ട പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Police goons encounter at Kundara

You may like this video also

Exit mobile version