പൊലീസിന് തോക്ക് എന്തിനെന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമായൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട് അമേരിക്കന്‍ പൊലീസ്. കുടുംബവഴക്ക് സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ കത്തി വീശിയ വീട്ടമ്മയെ അമേരിക്കയില്‍ വെടിവച്ചുകൊന്നിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജാമി ഫീത്ത് എന്ന 34 കാരിയാണ് 2022 ഏപ്രിലിൽ കൊല്ലപ്പെട്ടത്. ന്യുയോർക്ക് നഗരത്തിൽ നിന്നും 150 കിലോമീറ്ററോളം മാറിയുള്ള ഹൈഡ് പാർക്കിലായിരുന്നു സംഭവം നടന്നത്. ജാമി ഫീത്തും തന്റെ പങ്കാളിയും തങ്ങളുടെ മൂന്ന് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് സംഘം എത്തിയത്.
പൊലീസ് എത്തി ഫീത്തിനോടും പങ്കാളിയോടും കാര്യങ്ങള്‍ ചോദിച്ചു. ഇതിനിടെ ഫീത്ത് അവിടെനിന്ന് മറ്റൊരു മുറിയിലേക്ക് മാറുകയും വൈകാതെ തിരിച്ചെത്തുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ഫീത്ത് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കത്തി വലിച്ച് ഊരി പൊലീസിനുനേരെ വീശി. കത്തി താഴെയിടാൻ പൊലീസ് ആവശ്യപ്പെട്ടു. രംഗം വഷളായതോടെ അടിയന്തര വിഭാഗത്തിലേക്ക് വിളിച്ച് അധിക പൊലീസിനെ അയയ്ക്കാനും തങ്ങളുടെ തോക്കിന് മുൻപിൽ ഒരാളുണ്ടെന്നും അറിയിച്ചു.
ഫീത്ത് കത്തിയുമായി അക്രമാസക്തയായി നില്‍ക്കേ അവരുടെ പങ്കാളി പൊലീസിനോട് വെടിയുതിർക്കരുതെന്ന് അപേക്ഷിക്കുന്നത് വീഡിയോയിൽ കേൾക്കാം. എന്നാല്‍ പെട്ടെന്ന് വെടിയൊച്ചയും കേട്ടു. നാല് തവണയാണ് വെടിയുതിർത്തത്. ഈ സമയത്തും ഫീത്തിന്റെ പങ്കാളി കരഞ്ഞുകൊണ്ട് അരുതേ എന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കേൾക്കുന്നുണ്ടായി. ഫീത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചുവീണു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് യൂണിഫോം കാമറയിൽ പതിഞ്ഞ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് അമേരിക്കയില്‍ പൊലീസുകാർക്ക് ബോഡി കാമറ നിര്‍ബന്ധമാക്കിയത്. കത്തിയുമായി ആക്രമിച്ചേക്കും എന്നതിനാലാണ് വെടിവച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് മറ്റൊരാരോപണം. തന്റെ മരണത്തിന് തലേന്നു വരെ ഫീത്ത് സമൂഹമാധ്യമങ്ങളിൽ കോവിഡ് 19 ന് പുറകിലുള്ള ഗൂഢാലോചനകളെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. വാക്സിൻ പദ്ധതിയെ മാനവരാശിക്ക് എതിരെയുള്ള ഒരു കുറ്റകൃത്യമായിട്ടായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല, ഫാർമസ്യുട്ടിക്കൽ കമ്പനികളെ നാസി ഡോക്ടർമാരോടും അവർ ഉപമിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് പൊലീസിനെതിരെ പലരും ഗൂഢാലോചനാ കുറ്റം ആരോപിക്കുന്നത്.
English Sammury: NY police shot woman dead after she pulled knife on cops during domestic dispute call: bodycam footage