ശബരിമല ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതിൽ ഹൈക്കോടതിയുടെ താക്കീത്. ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ഭണ്ഡാരം കാണാനായി ഐജി കയറിയതിനെതിരെ സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ. ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററായ ഐജി ശ്യാം സുന്ദറാണ് ഭണ്ഡാരത്തിലേക്ക് കയറിയത്. ഭണ്ഡാരത്തിലേക്ക് പൊലീസ് പ്രവേശിക്കരുതെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഐജി ഭണ്ഡാരത്തിലേക്ക് കയറിയത്. ഇതിനെതിരെ സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കർശന താക്കീത് നൽകിയത്.
ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി. ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ടും പൊലീസിനെ ദേവസ്വം ബെഞ്ച് വിമർശിച്ചു. നിലവിൽ നിലയ്ക്കൽ ആണ് സ്പോട്ട് ബുക്കിങ് കൗണ്ടർ ഉള്ളത്. ഇതിൽ ഒരു കൗണ്ടർ പൊലീസിന് വേണ്ടി മാറ്റിവച്ചതായി ആരോപണം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ സ്പോട്ട് ബുക്കിങ് കൗണ്ടർ തീർത്ഥാടകർക്ക് വേണ്ടിയുള്ളതാണ്. നിലയ്ക്കലിൽ ഒരു കൗണ്ടർ പൊലീസിന് വേണ്ടി മാറ്റിവച്ചത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് ബുക്കിങ് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എരുമേലിയിൽ നിന്ന് കാനനപാത വഴി നടന്ന് പമ്പയിൽ എത്തുന്നവർക്കും പുല്ലുമേടുവഴി സന്നിധാനത്ത് എത്തുന്നവർക്കും വെർച്വൽ ക്യൂ നിർബന്ധമാണ്. വെർച്വൽ ക്യൂ ബുക്കിങ് എടുക്കാത്തവർ നിലയ്ക്കൽ എത്തി സ്പോട്ട് ബുക്കിങ് നടത്തണം. അല്ലെങ്കിൽ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

