Site iconSite icon Janayugom Online

സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബലാത്സം​ഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖിനെ അഞ്ചാം ദിവസവും കണ്ടെത്താനാവാതെ പൊലീസ് . മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്. 

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക സംഘം ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനുമാണ് തീരുമാനം.

Exit mobile version