കോഴിക്കോട് നഗരത്തിലെ കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. ചിലര്‍ സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണവുമായി മുന്നോട്ടു പോകുമെന്നും മേയർ പറഞ്ഞു.
പദ്ധതി പ്രദേശത്തേക്കുള്ള റോഡ് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പൊലീസ് ബലപ്രയോഗിച്ചതോടെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
മാലിന്യസംസ്കരണ പ്ലാന്റിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്ലാന്റ് നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരെ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ പൊലീസ് സന്നാഹത്തോടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
English Summary: Political Conspiracy Behind Kothi Strike; Mayor Bina Philip said that the construction will go ahead
You may also like this video