Site iconSite icon Janayugom Online

മലയാറ്റൂരിലെ രാഷ്ട്രീയ നാടകം; ബിജെപിക്കെതിരെ വിശ്വാസികള്‍

ക്രൈസ്തവ വിശ്വാസികളുടെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മലയാറ്റൂരിൽ ദുഃഖവെള്ളിയാഴ്ച ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ നടത്തിയ മലചവിട്ടൽ നാടകത്തിനെതിരെ കടുത്ത എതിർപ്പുമായി വിശ്വാസി സമൂഹം. യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ അനുഷ്ഠിച്ചു പോരുന്ന മലയാറ്റൂർ മലകയറ്റത്തെ വില കുറഞ്ഞ രാഷ്ട്രീയക്കളിക്കുള്ള അരങ്ങാക്കി ബിജെപി മാറ്റിയെന്ന രോഷവും വേദനയുമാണ് വിശ്വാസികൾക്കുള്ളത്.
ദുഃഖവെള്ളിയിലെ മലചവിട്ടൽ ആചരണത്തോട് ആഭിമുഖ്യം പുലർത്തി, ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും മല കയറുമെന്ന വൻ പ്രചാരണം നടത്തിയാണ് പ്രഹസനത്തിന് ഒരുക്കം കൂട്ടിയത്. എന്നാൽ, വെള്ളിയാഴ്ച സ്ഥലത്തെത്തിയത് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനും വിരലിലെണ്ണാവുന്ന അനുയായികളും മാത്രം. യേശുവിന്റെ കാൽവരിയിലേക്കുള്ള കഠിനപാതയിലെ 14 സവിശേഷ കേന്ദ്രങ്ങളുടെ അനുസ്മരണാർത്ഥം മലയാറ്റൂർ മലയിലേക്കുള്ള പാതയിലും, അടയാളപ്പെടുത്തിയിട്ടുള്ള 14 ഇടങ്ങളിൽ ഒന്നാം സ്ഥലത്തുവച്ച് ബിജെപി നേതാവ് മലകയറ്റം അവസാനിപ്പിച്ച് അവിടം പാർട്ടി രാഷ്ട്രീയം പറയുവാനായി ദുരുപയോഗപ്പെടുത്തിയതിലും പ്രതിഷേധമുയര്‍ന്നു.

എ കെ ആന്റണിയുടെ പുത്രന്റെ ബിജെപി പ്രവേശനത്തിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും, മക്കൾ മാത്രമല്ല കാരണവന്മാരും ഇനി ഘട്ടംഘട്ടമായി ബിജെപിയിലേക്ക് കടന്നുവരുമെന്ന് പ്രവചിക്കാനും ആ അവസരം എ എൻ രാധാകൃഷ്ണൻ ഉപയോഗിക്കുകയായിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ദുഃഖവെള്ളി ആചരണത്തിൽ തങ്ങളും ഭാഗഭാക്കുകളായി മലയാറ്റൂർ മലചവിട്ടി എന്ന് പ്രചാരണം നടത്തി ആ വിഭാഗത്തിന്റെ വിശ്വാസവും പിന്തുണയും ആർജിക്കാനുള്ള അജണ്ട ഒന്നാമിടത്തു വച്ചു തന്നെ ‘കുരിശുമല മുത്തപ്പൻ’ പൊളിച്ചു എന്ന് പരിഹസിക്കുന്ന വിശ്വാസികളും കുറവല്ല. 

ലോക് സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനായി ക്രൈസ്തവ സമൂഹത്തെ കയ്യിലെടുക്കാൻ ഏത് അടവും പയറ്റുക എന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള തീവ്രയത്ന പരിപാടിയുടെ ഭാഗമായാണ് വില കെട്ട ഹാസ്യനാടകം നടത്തിയത്. ക്രിസ്മസ് ദിനത്തിലും ദുഃഖവെള്ളിയാഴ്ചയും ക്രിസ്ത്യാനികളുടെ വീടുകളിൽ നേതാക്കളും അനുയായികളും സൗഹൃദ സന്ദർശനം നടത്തുക എന്നതായിരുന്നു ഒരു തന്ത്രം. രണ്ടും ഏശിയില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കും ആരാധനാലയങ്ങൾക്കും നേരെ വ്യാപകമായി നടക്കുന്ന സംഘ്പരിവാർ അതിക്രമങ്ങളിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കയും പ്രതിഷേധവും തണുപ്പിച്ചെടുക്കുക എന്ന അജണ്ടയും ഈ പ്രഹസനങ്ങൾക്ക് പിന്നിലുണ്ട്. 

Eng­lish Sum­ma­ry: Polit­i­cal dra­ma in Malay­atur; Believ­ers against BJP

You may also like this video

Exit mobile version