മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹായിക്കാത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ ഹരിദാസിന്റെ ഒളിയമ്പ്. ടി സിദ്ദിഖ് എംഎൽഎക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുള്ള പോസ്റ്റിലാണ് രാഹുലിനും പ്രിയങ്കക്കും പരിഹാസം. ‘മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി സിദ്ധിക്ക് എംഎൽഎയെ മുണ്ടക്കൈ-ചൂരൽമലക്കാർക്കറിയാം… ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല…’-എന്നാണ് രമ്യയുടെ ഫേസ്‍ബുക്ക് പോസ്റ്റ്.
ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയവർ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണോ എന്നാണ് പലരും കമന്റ് സെക്ഷനുകളിൽ ചോദിക്കുന്നത്. അത്തരം ചോദ്യങ്ങൾക്കൊന്നും രമ്യ മറുപടി നൽകിയിട്ടുമില്ല. മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. എന്നാൽ സ്ഥലം എംപി പ്രിയങ്ക ഗാന്ധി അകെ സഹായമായി നൽകിയത് ഒരു കലണ്ടർ മാത്രമാണ്. രാഹുൽ ഗാന്ധിയും ദുരിതബാധിതരെ സഹായിക്കാൻ ഒന്നും ചെയ്‌തില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ ഉള്‍പ്പെടെ കോൺഗ്രസ് നേതാക്കൾക്ക് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു.

