Site iconSite icon Janayugom Online

പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം: ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങൾക്കെല്ലാം തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇത്തരത്തിൽ 2017ൽ ഒന്നും, 2018ൽ രണ്ടും 2019ൽ ഒന്നും, 2020 ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുളള എട്ട് പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് പൊലീസുദ്യോഗസ്ഥരെ 2022ലും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥരെയും സർവീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷം ഉന്നയിച്ച സംഭവങ്ങളിൽ ഒന്നിൽപ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചുകൊണ്ട് തക്കതായ നടപടികൾ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ, പൊലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവേ പ്രകാരം കേരള പൊലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. 

കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ പൊലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലെന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാൻ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പൊലീസിനു കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശാലയിലെ ഷാരോൺ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Politi­ciza­tion in police force: Chief Min­is­ter says the alle­ga­tion is baseless

You may also like this video

Exit mobile version