Site iconSite icon Janayugom Online

കുടിയേറ്റത്തിന്റെ രാഷ്ട്രീയവും കർണാടക നിയമനിർമ്മാണവും

രസ്പരാശ്രിതവും സഹകരണവും അടിസ്ഥാനമാക്കിയാണ് ലോകജനതയുടെ നിലനില്പ്. അതുകൊണ്ടുതന്നെ മാനവരാശിയുടെ ചരിത്രാരംഭ ഘട്ടം മുതൽ കുടിയേറ്റവും അതിന്റെ അവിഭാജ്യഘടകമായി വർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തുനിന്ന് ജീവിതോപാധിയും വിജ്ഞാനത്തിന്റെ കലവറയും തേടി സഞ്ചരിച്ച മനുഷ്യരുടെയും സമൂഹങ്ങളുടെയും ചരിത്രം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. കുടിയേറ്റത്തിലൂടെയും സഞ്ചാരത്തിലൂടെയുമാണ് ഭൂഗോളത്തിന്റെ പല ഭാഗങ്ങളിലേക്കും മനുഷ്യകുലം പടർന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തെ പല രാജ്യങ്ങളിലും അധിനിവേശവും കുടിയേറ്റവും വലിയ മാനുഷികപ്രശ്നമായി ഇന്നും ഉയർന്നുനിൽക്കുന്നത്. എങ്കിലും പരസ്പരാശ്രിതത്വവും സഹകരണവും കാംക്ഷിക്കുന്ന ജനത അവയെ ഹൃദയപൂര്‍വം സ്വീകരിച്ചുപോന്നിട്ടേയുള്ളൂ. ഈ പശ്ചാത്തലത്തിൽ നിന്നുവേണം കർണാടകയിൽ അടുത്തകാലത്ത് രൂപം നൽകുകയും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയും ചെയ്ത പ്രാദേശിക സംവരണ നിയമത്തെ സമീപിക്കേണ്ടത്. സംസ്ഥാനത്ത് സ്വകാര്യമേഖല ഉൾപ്പെടെ എല്ലാ വ്യവസായങ്ങളിലും താഴ്ന്ന വിഭാഗങ്ങളിലെ ജോലികൾ കന്നഡക്കാർക്ക് മാത്രമായി സംവരണം ഏർപ്പെടുത്താനാണ് കോൺഗ്രസ് സർക്കാർ ബിൽ തയ്യാറാക്കിയത്. വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന വിധത്തിലുള്ള സംവരണച്ചട്ടത്തിനാണ് രൂപം നൽകിയത്. മാനേജ്മെന്റ് പദവികളില്‍ 50, മാനേജ്മെന്റിതര മേഖലകളിൽ 75 ശതമാനം വീതം തദ്ദേശീയരെ നിയമിക്കണമെന്നാണ് വ്യവസ്ഥയുണ്ടായിരുന്നത്. താഴ്ന്ന തസ്തികാ നിയമനങ്ങളിൽ കർണാടക സ്വദേശികളെ മാത്രമേ പാടുള്ളൂ എന്നും നിർദേശിക്കുന്നതായിരുന്നു പ്രാദേശിക ഉദ്യോഗാർത്ഥികളുടെ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ബിൽ 2024.


ഇതുകൂടി വായിക്കൂ: നുണക്കോട്ടകളുടെ ആഘോഷം


കർണാടകയിൽ മാത്രമല്ല രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും തൊഴിൽ തേടിയെത്തുന്ന ലക്ഷക്കണക്കിന് പേരുണ്ട്. ലഭ്യമാകുന്ന തൊഴിൽ മേഖലകളിൽ അവർ ജോലി ചെയുന്നുമുണ്ട്. വിവര സാങ്കേതിക മേഖലകൾ പോലെ പ്രാവീണ്യം കൂടുതൽ ആവശ്യമുള്ള ഇടങ്ങളിൽ മാത്രമല്ല സംഘടിത‑അസംഘടിത രംഗത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എല്ലാ സംസ്ഥാനങ്ങളിലും ജോലിയെടുക്കുന്നു. സ്വന്തം നാട്ടുകാരെ മാത്രം ആശ്രയിച്ച് ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ലെന്നതിന് ലോകത്ത് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരം ചിന്താഗതികളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ബ്രെക്സിറ്റ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് മതിയായ തൊഴിൽശക്തി കുറഞ്ഞുവരുന്നതാണെന്ന് വാർത്തകളിൽ നിന്ന് വ്യക്തമാകുന്നു. യുഎസിൽ അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് അന്താരാഷ്ട്ര കുടിയേറ്റ വിഷയം ഉന്നയിക്കുന്നുണ്ട്. എങ്കിലും കുടിയേറ്റത്തെ പൂർണമായി ഇല്ലാതാക്കി യുഎസിന് മുന്നോട്ടുപോക്ക് സാധ്യമല്ലെന്നതാണ് വസ്തുത. ആ രാജ്യത്തെ ജനസംഖ്യയിലെ മഹാഭൂരിപക്ഷവും ഇതരപ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരാണ് എന്നതുതന്നെ കാരണം. ആ രാജ്യത്തിന്റെ ആദ്യകാല വികസന പ്രവർത്തനങ്ങളുടെ ചാലക ശക്തിയായത് അടിമജോലിക്ക് നിർബന്ധിതരായ ആഫ്രിക്കയിൽ നിന്നുള്ള ജനങ്ങളുടെ അധ്വാനമാണ് എന്നതും ചരിത്രമാണ്. ഇത്തരം ഭൂതകാലം മറന്ന് ഒരു രാജ്യത്തിനും പ്രദേശത്തിനും മുന്നോട്ടുപോകാനാകില്ല. ഓരോ തൊഴിലിലും നിശ്ചിത യോഗ്യതയും നൈപുണ്യവുമുള്ളവർ വേണമെന്ന രീതി നിലനിൽക്കുമ്പോൾ അതിനനുസൃതമായ ആളുകളെയേ നിയമിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് എത്രയോ മലയാളികൾ അധ്യാപകരായും ആതുരസേവകരായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി നേടിയത്.


ഇതുകൂടി വായിക്കൂ: മണിപ്പൂർ: യാഥാർത്ഥ്യങ്ങളും മോഡി പറഞ്ഞ നുണകളും


അതിനനുസൃതമായ വിദ്യാഭ്യാസ — പരിശീലന സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു എന്നതുകൊണ്ട് പ്രാവീണ്യം നേടിയവർ എണ്ണത്തിൽ കൂടുതലുമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ എണ്ണവും തല്പരതയും പൊതുവേ കുറഞ്ഞ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തൊഴിൽ തേടിപ്പോകുന്ന പ്രതിഭാസമുണ്ടായി. അത് ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്നോ രാജ്യത്തുനിന്നോ മാത്രമായിരുന്നില്ല താനും. ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തോ രാജ്യത്തോ നിന്നുള്ളവരല്ലെന്നതും വസ്തുതയാണ്. അതേസമയം പുതിയ കാലത്ത് സൗകര്യങ്ങൾ വർധിക്കുകയും യോഗ്യതയും നൈപുണ്യവും ആർജിച്ചവരുടെ എണ്ണം അതാതിടങ്ങളിൽ കൂടുകയും ചെയ്തതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രകളും ആരംഭിച്ചു. അതിനർത്ഥം കുടിയേറ്റം ഏതെങ്കിലും വിധത്തിൽ ഇല്ലാതാക്കുവാൻ സാധിക്കുന്നതല്ല എന്നുതന്നെയാണ്.
അതുകൊണ്ടുതന്നെയാണ് കർണാടകയുടെ നിയമനിർമ്മാണ നീക്കം പിന്തിരിപ്പനെന്ന വ്യാഖ്യാനത്തിനും ശക്തമായ എതിർപ്പിനും കാരണമായത്. കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിനുപേർ കർണാടക ഉൾപ്പെടെയുള്ള ഇടങ്ങളിൽ തൊഴിലിനും വ്യാപാരത്തിനുമായി എത്തുന്നു എന്നതുപോലെതന്നെ തിരിച്ചും നടക്കുന്നുണ്ട്. കേരളത്തിന് കർണാടകക്കാരുടെയോ ഇപ്പോൾ പ്രത്യേകിച്ച് ഉത്തരേന്ത്യൻ തൊഴിലാളികളുടെയോ സാന്നിധ്യമില്ലാതെ നിലനില്പില്ല. അതുകൊണ്ടാണ് മണ്ണിന്റെമക്കൾ വാദം ഉന്നയിക്കപ്പെട്ട പ്രദേശങ്ങളിൽ അതിന് വലിയ ആയുസില്ലാതെ പോയത്. ഈ പശ്ചാത്തലത്തിൽ കർണാടക കൊണ്ടുവരാനുദ്ദേശിച്ചതും മരവിപ്പിച്ചതുമായ ബിൽ എക്കാലത്തേക്കുമായി ഉപേക്ഷിക്കുകയാണ് പരസ്പരാശ്രിതമായ ഒരു സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഏറ്റവും ഉചിതമായിട്ടുള്ളത്.

Exit mobile version