Site iconSite icon Janayugom Online

ജോസഫ് കേരള ശെെഥില്യത്തിലേക്ക്

josephjoseph

കോട്ടയം ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ഭെെമീകാമുകന്മാരുടെ വേലിയേറ്റത്തിനിടെ പാര്‍ട്ടി ശെെഥില്യത്തിലേക്ക്. സീറ്റ് കിട്ടാതെ വന്നാല്‍ അരഡസനോളം മുന്‍നിര നേതാക്കള്‍ അനുയായികളോടൊപ്പം പാര്‍ട്ടി വിടുമെന്നാണ് സൂചന.
കോട്ടയം ലോക്‌സഭാ സീറ്റില്‍ അഞ്ച് വര്‍ഷം മുമ്പ് തോമസ് ചാഴിക്കാടന്‍ ജയിച്ചത് കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായായിരുന്നു. പിന്നീട് കേരളാ കോണ്‍ഗ്രസ് (എം) ആയി എല്‍ഡിഎഫില്‍ ചേരുകയും പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫിന് ഒപ്പമായി. ഈ സാഹചര്യത്തിലാണ് സാങ്കേതികമായി കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന്റേതായി മാറുന്നത്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജോസഫ് ഗ്രൂപ്പില്‍ നടക്കുന്ന പോരാട്ടം ആ പാര്‍ട്ടിയെ ഒരു വിഷമവൃത്തത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. അഞ്ചിലധികം പേര്‍ ഇതിനകം സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി രംഗത്തിറങ്ങി പരസ്യമായ അവകാശവാദം ഉന്നയിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവ് കെ എം ജോര്‍ജിന്റെ മകനും ഇടുക്കി ലോക്‌സഭാംഗവുമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന്പാര്‍ട്ടിയില്‍ വലിയൊരു വിഭാഗവും യുഡിഎഫ് നേതൃത്വവും ആഗ്രഹിക്കുന്നു. പി ജെ ജോസഫിനാണെങ്കില്‍ റിട്ട. ഐഎഎസുകാരനും അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ ഏഷ്യന്‍ മേധാവിയും കെ എം മാണിയുടെ മരുമകനുമായ ഡോ. എം പി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് താല്പര്യം. നിലവില്‍ പാര്‍ട്ടിയുടെ ചുക്കാന്‍ കയ്യിലുള്ള മോന്‍സ് ജോസഫിന്റെ താല്പര്യവും എം പി ജോസഫിനൊപ്പമാണ്. 

ഇതോടെയാണ് പൊട്ടിത്തെറിയുടെ തുടക്കം. മാണി ഗ്രൂപ്പിലായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസഫ് ഗ്രൂപ്പില്‍ അഭയം തേടിയത്. സ്ഥാനാര്‍ത്ഥിത്വത്തിന് താനാണ് അവകാശിയെന്ന വാദവുമായി പി ടി ചാക്കോയുടെ മകന്‍ പി സി തോമസും രംഗത്തുണ്ട്. മുമ്പ് ബിജെപിയുമായി ചേര്‍ന്ന് കേന്ദ്ര സഹമന്ത്രിപദം വരെയെത്തിയ അദ്ദേഹം പിന്നീട് സ്വന്തം കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. കേരളാ കോണ്‍ഗ്രസാകട്ടെ എം, ജെ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ പലതായി ചിതറിയപ്പോള്‍ സാങ്കേതികമായി കേരളാ കോണ്‍ഗ്രസ് തോമസിന്റേതായിരുന്നു. തോമസിന്റെ പാര്‍ട്ടി ജോസഫ് ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്ന പേര് ജോസഫ് ഗ്രൂപ്പിന് സ്വന്തമാകുകയായിരുന്നു. തന്റെ പാര്‍ട്ടിയുടെ പേര് കടംകൊണ്ടപ്പോള്‍ തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് തോമസിന്റെ അവകാശവാദം. കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് അടുപ്പമുള്ളവരോടെല്ലാം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനാണ് മറ്റൊരു ഭെെമീകാമുകന്‍. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയാകാന്‍ താനാണ് യോഗ്യനെന്ന് മഞ്ഞക്കടമ്പന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like this video

Exit mobile version