നിതി ആയോഗിന്റെ 2023ലെ മാനവ വികാസ സൂചികയിൽ 7.1 പോയിന്റുമായി കേരളം ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇത് ആഗോള തലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്തിന്റെ നേട്ടമാണ്. നിതി ആയോഗിന്റെ അവസാനത്തെ മൂന്ന് വിലയിരുത്തലുകളിലും കേരളം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിശപ്പ്, ലിംഗ സമത്വം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ സൂചകം നിർണയിക്കുന്നത്. 2023ലെ ബഹുമാന ദാരിദ്ര്യ സൂചികയിൽ 0.002 നേട്ടവുമായി കേരളം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മികച്ച ഭരണനിർവഹണത്തിൽ ഇന്ത്യയിൽ മൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബൃഹദ് സമ്പദ്ഘടനകളിൽ ഒമ്പതാം സ്ഥാനത്തുള്ള കേരളം മൊത്ത ആഭ്യന്തര ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ആവർത്തിത ഊർജം, കാലാവസ്ഥാ വ്യതിയാനം, ഗ്രാമവികാസം എന്നീ നൂതന മേഖലകളിൽ പ്രവർത്തിക്കുന്ന നവസംരംഭങ്ങൾ കൊണ്ടും കേരളം ശ്രദ്ധേയമായ മുൻകൈ നേടിയിട്ടുണ്ട്. ധാതുലവണങ്ങൾ പോലുള്ള പ്രകൃതിവിഭവങ്ങളുടെ അഭാവം, വ്യാവസായിക പിന്നാക്കാവസ്ഥ, നികുതിവരുമാനമടക്കം പൊതുവരുമാനത്തിന്റെ പരിമിതി എന്നിവയെല്ലാം നിലനില്‍ക്കെയാണ് മേല്പറഞ്ഞ നേട്ടങ്ങൾ കൈവരിക്കാനായത്. അത് സംസ്ഥാനത്തിന്റെ മുഴുവൻ നേട്ടമാണ്. കക്ഷി രാഷ്ട്രീയത്തിനും മത, ജാതി, പ്രത്യയശാസ്ത്ര ഭേദചിന്തകൾക്കും അതീതമായി മുഴുവൻ കേരളീയർക്കും അവകാശപ്പെട്ടതും അഭിമാനാർഹവുമാണ് ആ നേട്ടങ്ങൾ. അവ നിലനിർത്തിയും ശക്തിപ്പെടുത്തിയും മുന്നോട്ട് പോകുക എന്നതാണ് സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ നിശ്ചയദാർഢ്യമാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. അതിന് കേരളത്തിന് സഹായഹസ്തം നൽകേണ്ട കേന്ദ്ര സർക്കാരിൽനിന്നും അർഹമായ അവകാശം നേടിയെടുക്കാൻ കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ കൂട്ടുകക്ഷി സർക്കാർ അധികാരത്തിലേറുകയും പുതിയ പാർലമെന്റിന്റെ സമ്മേളനം ഇന്ന് ആരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇക്കാര്യം ഏറെ പ്രസക്തമാണ്.
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം കേന്ദ്രസർക്കാർ അവലംബിക്കുന്ന തെറ്റായതും വിവേചനപരവുമായ സാമ്പത്തിക നയസമീപനങ്ങളാണ്. പത്താം ധനകാര്യ കമ്മിഷൻ ശുപാർശചെയ്ത 3.875 ശതമാനം നികുതിവിഹിതം 15-ാം ധനക്കമ്മിഷൻ 1.92 ശതമാനമായി വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതും വായ്പയ്ക്ക് ഉപാധികൾ ഏർപ്പെടുത്തിയതും പരിധി കുറച്ചതുമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാപരിധി 3.5 ശതമാനമായി ഉയർത്തണമെന്നും, കേന്ദ്രസർക്കാരിന് ബാധകമല്ലാത്ത വായ്പാപരിധി സംസ്ഥാനത്തിന്റെമേൽ അടിച്ചേല്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി കേരളം 6,000 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാവാത്ത അധിക ചെലവാണ്, സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങളാൽ വേണ്ടിവന്നത്. അത്രയും തുക ഉപാധിരഹിത വായ്പയായി ലഭ്യമാക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായ അടിസ്ഥാനസൗകര്യ വികസനത്തിന് 5,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഇത് കേന്ദ്രം പ്രത്യേകമായി വകയിരുത്തണം. ജിഎസ്‌ടി പങ്കുവയ്പിൽ നിലവിലുള്ള 60:40 അനുപാതം 50:50 ആയി ഉയർത്തണം. കേന്ദ്ര പദ്ധതികളുടെ നിർവഹണത്തിൽ കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കൂടുതൽ അധികാരങ്ങൾ അനുവദിക്കുകയും, അവയ്ക്കായുള്ള കേന്ദ്രവിഹിതം ഇപ്പോഴത്തെ 60ൽ നിന്നും 75 ശതമാനമായി ഉയർത്തണം. സംസ്ഥാനത്തിന്റെ മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, നവസംരംഭങ്ങൾ, നവീകരണം എന്നിവ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അടുത്ത കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്നിവയാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ ആലോചനാ യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയും വികാസവും ജനക്ഷേമവും ഉറപ്പുവരുത്താൻ ഉതകുന്ന ന്യായമായ ഈ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ സംസ്ഥാനത്തിന് ധാർമ്മികവും രാഷ്ട്രീയവുമായ പിന്തുണ അനിവാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ച പ്രത്യേക സാഹചര്യം കേരളത്തിന്റെ വികസനത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകൾ സംസ്ഥാനത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനും തടസമായിക്കൂടാ. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും മറ്റ് 19 ലോക്‌സഭാംഗങ്ങളും നമ്മുടെ രാജ്യസഭാംഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നേടിയെടുക്കാവുന്നവ മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമുന്നിൽ സമർപ്പിച്ചിട്ടുള്ളത്. അവയുടെ സാക്ഷാൽക്കാരത്തിനായി കേരളത്തിന്റെ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നാണ് സംസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.