Site iconSite icon Janayugom Online

മലിനീകരണം: ഇന്ത്യയില്‍ ഓരോ നിമിഷവും മൂന്ന് മരണം, മലിനീകരണ മാനദണ്ഡങ്ങള്‍ ഒറ്റ നഗരവും പാലിക്കുന്നില്ല

ഭൂമിയിലെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായുള്ള ഐക്യുഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വായു ഗുണനിലവാരം വളരെ മോശപ്പെട്ട നിലയിലായിരുന്നു. ഇത് മൂന്ന് വര്‍ഷം വായുഗുണനിലവാരത്തില്‍ ഉണ്ടായേക്കാവുന്ന പുരോഗതിയെ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നഗരങ്ങളില്‍ മാരകമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5) അളവ് ക്യുബിക് മീറ്ററില്‍ 58.1 മൈക്രോഗ്രാം ആണ്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാള്‍ 10 മടങ്ങ് അധികമാണിത്. ഇന്ത്യയിലെ ഒരു നഗരങ്ങളും ലോകാരോഗ്യ സംഘടനയുടെ മനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വടക്കേ ഇന്ത്യയില്‍ വായുമലിനീകരണം അതി ഗുരുതരമാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലീമസമായ രാജ്യ തലസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഡല്‍ഹിയാണ്. 2021ല്‍ വായുമലിനീകരണം മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധിച്ചു. ഇവിടെ വായുമലിനീകരണം ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാള്‍ 20 മടങ്ങ് കൂടുതലാണ്. സുരക്ഷാ പരിധി 5 ആണെന്നിരിക്കെ ഡല്‍ഹിയിലെ പിഎം 2.5 ക്യുബിക് മീറ്ററിന് 96.4 മൈക്രോഗ്രാം എന്ന അളവിലാണ്.

അതേസമയം വായുമലിനീകരണ പട്ടികയില്‍ ഡല്‍ഹി നാലാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും മലിനമായ നഗരം രാജസ്ഥാനിലെ ഭീവണ്ടിയാണ്. ഇവിടുത്തെ ശരാശരി പിഎം2.5 അളവ് 106.2 ആണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് രണ്ടാം സ്ഥാനത്ത്, പിഎം 2.5–102. വായുമലിനീകരണം കൂടുതലുള്ള മൂന്നാമത്തെ നഗരം ചൈനയിലെ ഷിന്‍ജിയാങ്ങിലെ ഹോതന്‍ ആണ് (101.5). യുപിയിലെ ജൗന്‍പുര്‍ (95.3), പാകിസ്ഥാനിലെ ഫൈസലാബാദ് (94.2), നോയ്ഡ (91.4) എന്നിങ്ങനെയാണ് അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുള്ള നഗരങ്ങള്‍. പട്ടികയിലെ ആദ്യ പതിനഞ്ചിലുള്ള പത്ത് നഗരങ്ങളും ഇന്ത്യയിലാണ്. ഇതില്‍ അഞ്ച് എണ്ണം ഉത്തര്‍പ്രദേശിലും മൂന്നെണ്ണം ഹരിയാനയിലുമാണ്.

ആദ്യ നൂറിലെ 63 നഗരങ്ങളില്‍ പകുതിയും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമാണെന്നതും ശ്രദ്ധേയമാണ്. ഷിക്കാഗോ സർവകലാശാല വികസിപ്പിച്ച സൂചിക പ്രകാരം വായുവിന്റെ ഗുണനിലവാരത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, ഡല്‍ഹി, ലഖ്നൗ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം പത്ത് വര്‍ഷം കൂട്ടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:Pollution; lat­est report
You may also like this video

Exit mobile version