ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ രണ്ടാം ദിവസത്തിലേക്ക് കടന്നു. തീവ്രവാദികളെ പൂർണമായും കണ്ടെത്തി വധിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സൈനിക വക്താക്കൾ അറിയിച്ചു. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു.
ജില്ലയിലെ സുരൻകോട്ട് മേഖലയിലെ ഷാസിതാറിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അഞ്ച് വ്യോമസേനാ ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കോര്‍പറല്‍ വിക്കി പഹാഡെ സൈനിക ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. നാലുപേര്‍ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ചിന്ദ്‌വാഡ സ്വദേശിയാണ് വീരമൃത്യു വരിച്ച വിക്കി പഹാഡെ. മൃതദേഹം പ്രത്യേക വിമാനത്തില്‍ ജന്മനാട്ടിലെത്തിച്ചു.
ഭീകരർ കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവരെ കണ്ടെത്താൻ ഷാസിതാർ, ഗുർസായ്, സനായി, ശീന്ദര ടോപ്പ് എന്നിവയുൾപ്പെടെ പല മേഖലകളിലും സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ ശക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ആറുപേരെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു.
English Summary:Poonch terror attack: Search continues for second day
You may also like this video