Site iconSite icon Janayugom Online

കരുതല്‍ ഡോസിനോട് തണുത്ത പ്രതികരണം

കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസിന് രാജ്യത്ത് തണുത്ത പ്രതികരണമെന്ന് റിപ്പോര്‍ട്ട്. അര്‍ഹരായ 90 കോടി ജനസംഖ്യയില്‍ 2.58 കോടി പേര്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഭയവും വ്യാജ വാര്‍ത്തകളുമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ജനങ്ങള്‍ മടിക്കുന്നതിന്റെ പ്രധാനകാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

വാക്സിനുകളെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതായി വൈറോളജിസ്റ്റായ ഡോ. ടി ജേക്കബ് ജോണ്‍ പറയുന്നു. സമ്പൂര്‍ണ വാക്സിനേഷൻ രണ്ട് ഡോസുകളാണെന്നാണ് വളരെക്കാലമായി പറഞ്ഞുവന്നിരുന്നത്. അതുകൊണ്ടു തന്നെ മുന്‍കരുതല്‍ ഡോസ് എന്ന പദം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ വൈറോളജി വിഭാഗം മുന്‍ ഡയറക്ടര്‍കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിറ്റുപോകാത്ത നിരവധി ഡോസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ വാക്സിന്‍ ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കഴിഞ്ഞ ആഴ്ച കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

 

കുട്ടികള്‍ക്കായി മൂന്ന് വാക്‌സിനുകൾക്ക് അംഗീകാരം

 

ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള കുട്ടികളിൽ മൂന്ന് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഎ). ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ്, കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ് ഡി എന്നിവയ്ക്കാണ് അനുമതി നൽകിയത്.

കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവയ്പ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബിവാക്സും ആറ് വയസിനും 12 വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കോവാക്സിനും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കുക.

Eng­lish Sum­ma­ry: poor reac­tion to the reserve dose

You may like this video also

Exit mobile version