ശബ്ദഘോഷങ്ങള്‍ക്കപ്പുറം ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടിന് സ്വരാജ് റൗണ്ടിനു ചുറ്റുമായി ഒത്തുകൂടിയത്. വൈകുന്നേരം 7.25ന് തിരുവമ്പാടി വിഭാഗം സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തി. മൂന്ന് മിനിറ്റോളം നീണ്ടുനിന്നു. 7.41ന് പാറമേക്കാവിന്റെ ഊഴമായിരുന്നു. ചുവപ്പും പച്ചയും മഞ്ഞയും നീലയുമൊക്കെയായി വിവിധ വര്‍ണങ്ങള്‍ വാനില്‍ വിരിഞ്ഞു. ആറ് മിനിറ്റോളം നഗരത്തെ പ്രകമ്പനം കൊള്ളിച്ച പാറമേക്കാവിന്റെ സാമ്പിള്‍ വെടിക്കെട്ട് 7.47 ഓടെ സമാപിച്ചു. തുടര്‍ന്ന് ഇടയ്ക്കിടെ വാനില്‍ നിറങ്ങള്‍ വിതറി അമിട്ടുകള്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു.
സാമ്പിള്‍ വെടിക്കെട്ടില്‍ ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയും റെഡ് ലീഫുമായി തിരുവമ്പാടിയെത്തിയപ്പോള്‍ റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനുമായി പാറമേക്കാവും ഒപ്പത്തിനൊപ്പം ചേര്‍ന്നു. ട്രെയിന്‍ പായുന്നതിനു സമാനമായാണ് വന്ദേഭാരതിന്റെ വരവെങ്കില്‍ റെയില്‍പ്പാളം തീര്‍ത്താണ് കെ റെയില്‍ വിടര്‍ന്നത്. ചുവന്ന ഇല പൊഴിക്കുന്ന റെഡ്‌ലീഫ്, തീക്കൂട്ടം മിന്നിമറയുന്ന ഫ്‌ളാഗ്ഫ്‌ളാഷ് എന്നിവയും ഉണ്ടായിരുന്നു. അക്വേറിയത്തിലെന്ന പോലെ മത്സ്യക്കൂട്ടങ്ങള്‍ തത്തിക്കളിക്കുന്ന കാഴ്ചയാണ് സില്‍വര്‍ഫിഷ് അമിട്ട്. താഴേക്കു വീഴുന്ന തീനാളങ്ങള്‍ പാമ്പുപോലെ വളഞ്ഞുപുളയുന്നതാണ് റെഡ് സ്‌നേക്ക്. 10 മിനിറ്റോളം നേരം പുകയുടെ വിതാനമൊരുക്കുന്നതാണ് സ്‌മോക് സ്‌ക്രീന്‍. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടായിരുന്നെങ്കിലും മഴ മാറി നിന്നതോടെ സാമ്പിൾ വെടിക്കെട്ട് ഗംഭീരമായി. പ്രഹരശേഷി കുറച്ച് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരുന്നു സാമ്പിള്‍.
തിരുവമ്പാടിക്ക് മറ്റത്തൂര്‍ പാലാട്ടി കൂനത്താൻ പി സി വര്‍ഗീസും പാറമേക്കാവിനായി മുണ്ടത്തിക്കോട് പന്തലാകോട് സതീഷുമാണ് വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ട് നടന്നത്. വെടിക്കെട്ടിനായി ഓരോ വിഭാഗത്തിനും രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
English Summary: Pooram Sample Fireworks
You may also like this video