Site iconSite icon Janayugom Online

ഫ്രാൻസിസ് മാര്‍പ്പാപ്പ കാലം ചെയ്തു

Pope Francis waves as he leads his weekly audience in Saint Peter's Square at the Vatican August 27, 2014. REUTERS/Max Rossi (VATICAN - Tags: RELIGION) - RTR43XCT

റോമാ രൂപതയുടെ മെത്രാനും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും സ്വതന്ത്ര പരമാധികാര രാജ്യമായ വത്തിക്കാന്റെ ഭരണാധികാരിയുമായ ഫ്രാൻസിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ ഇന്ന് രാവിലെ 7.35 നാണ് (ഇറ്റാലിയൻ സമയം) അന്തരിച്ചത്. നവീകരണത്തിന്റെ വക്താവായി സ​ഭ​യെ 12 വ​ർ​ഷം ന​യി​ച്ച പോപ്പ് ഫ്രാൻസിസ് ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രുന്നു. അഗതികൾക്കും നിരാലംബർക്കുമായി നിലകൊണ്ട പോപ്പ് ക​ഴി​ഞ്ഞ ദി​വ​സം പോലും പൊ​തു​വേ​ദി​ക​ളി​ൽ എ​ത്തി​യി​രുന്നു. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജെ ​ഡി ​വാ​ൻ​സു​മാ​യി ക​ഴി​ഞ്ഞദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളി​ലും പങ്കെടുത്തു.

2013 ഏ​പ്രി​ൽ 13നാ​ണ് 266-ാം മാ​ർ​പാ​പ്പ​യാ​യി ഇ​റ്റാ​ലി​യ​ൻ വം​ശ​ജ​നാ​യ അ​ർ​ജന്റീ​ന​ക്കാ​ര​ൻ ക​ർ​ദി​നാ​ൾ ഹോ​ർ​ഹെ മരി​യോ ബെ​ർ​ഗോ​ഗ്ലി​യോ​ തെ​ര​ഞ്ഞെ​ടുക്കപ്പെട്ടത്. ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ സ്ഥാ​ന​ത്യാ​ഗം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ സ​ഭ​യു​ടെ അ​മ​രത്ത് എ​ത്തി​യ​ത്. അമേരിക്കയിൽ നിന്നോ തെക്കൻ അർധഗോളത്തിൽ നിന്നോ ഉള്ള ആദ്യത്തെ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. 741 ലെ സിറിയൻ വംശജനായ ഗ്രിഗറി മൂന്നാമനു ശേഷം പോപ്പായി, യൂറോപ്യൻ അല്ലാത്ത ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജെസ്യൂട്ട് പുരോഹിതനായിരുന്നു. 

1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ഇറ്റലിയില്‍ നിന്ന് കുടിയേറിയതായിരുന്നു കുടുംബം. 1969ല്‍ ജെസ്യൂട്ട് സഭയില്‍ പുരോഹിതനായി അഭിഷിക്തനായി. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ഓര്‍ഡറിന്റെ ഉന്നത നേതാവായിരുന്നു. 1992ല്‍ ബ്യൂണസ് അയേഴ്സിന്റെ സഹായ മെത്രാനായും 1998ല്‍ ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാൽക്കണിയിൽ കഴിഞ്ഞദിവസം ഈസ്റ്റർ ഞായറാഴ്ചയാണ് സഭയുടെ തലവനെന്ന നിലയിൽ അദ്ദേഹം അവസാനം വിശ്വാസികളെ നേരിൽക്കണ്ടത്. 

Exit mobile version