Site iconSite icon Janayugom Online

ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം

srilankasrilanka

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ മാസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ തിരിച്ചെത്തി. സാമ്പത്തിക‑രാഷ്ട്രീയ പ്രതിസന്ധികളില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനത രാജപക്സെ കുടുംബാംഗങ്ങളുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. ഗോതബയ തിരിച്ചെത്തിയതോടെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ജൂലൈ മാസത്തില്‍ സൈനിക അകമ്പടിയോടെ രാത്രിയുടെ മറവിലാണ് ഗോതബയ രാജ്യം വിട്ടത്. സിംഗപ്പൂര്‍ എത്തിയശേഷമാണ് ഗോതബയ രാജി പ്രഖ്യാപനം നടത്തിയത്. ബാങ്കോക്കിലെ ഹോട്ടലില്‍ ആഴ്ചകളോളം ഒളിവില്‍ താമസിച്ചതിന് ശേഷമാണ് ഗോതബയ തിരിച്ചെത്തിയിരിക്കുന്നത്.
പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതോടെ ഗോതബയയ്ക്ക് ലഭിച്ചിരുന്ന പ്രത്യേകാധികാരം നഷ്ടപ്പെട്ടുവെന്നും ഇനി നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒരു രാജ്യവും സ്വീകരിക്കാത്തതിനാലാണ് ഗോതബയ തിരിച്ചെത്തിയത്. അദ്ദേഹത്തിന് ഒളിക്കാന്‍ ഒരിടം പോലുമില്ലെന്ന് അധ്യാപക ട്രേഡ് യൂണിയന്‍ നേതാവ് ജോസഫ് സ്റ്റാലിന്‍ പറ‍ഞ്ഞു. ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഗോതബയയ്ക്കാണെന്നും അദ്ദേഹത്തെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജപക്സെ സര്‍ക്കാരിന്റെ ഭരണത്തിലുണ്ടായ വീഴ്ചയാണ് രാജ്യത്തെ പ്രധാനമായും പ്രതിരോധത്തിലാക്കിയത്. ഭക്ഷണം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയ്ക്കെല്ലാം രാജ്യത്ത് കടുത്ത ക്ഷാമമാണ്.
കൊളംബൊയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഗോതബയ എത്തിച്ചേര്‍ന്നത്. മന്ത്രിമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ബൊക്കയും ഹാരങ്ങളും നല്‍കി വന്‍‍ സ്വീകരണമാണ് രാജപക്സെയ്ക്ക് വിമാനത്താവളത്തിലൊരുക്കിയത്. കനത്ത സുരക്ഷാ അകമ്പടിയില്‍ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിയിലേക്കാണ് ഗോതബയ ആദ്യം പോയത്.
2009ല്‍ കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ലസാന്ത വിക്രമതുംഗയുടെ മരണത്തിലുള്‍പ്പെടെ ഗോതബയ രാജപക്സെയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും ഗോതബയയ്ക്കെതിരെയുണ്ട്. 

Eng­lish Sum­ma­ry: Pop­u­lar protests again in Sri Lanka

You may like this video also

Exit mobile version