കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി എട്ടിന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറി.
ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി രാജീവ് ധരിപ്പിച്ചു.
സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യു കമ്മി കുറയ്ക്കുന്നതിനുള്ള സഹായവും ജിഎസ്‌ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിന്റെ പ്രതിഷേധത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയാണ് ജനപ്രതിനിധികൾ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
English Summary;Popular resistance in Delhi; MK Stalin was invited to Kerala
You may also like this video