Site iconSite icon Janayugom Online

ഇന്ത്യന്‍ നഗരങ്ങളില്‍ ജനസംഖ്യാപെരുപ്പം

ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് താങ്ങാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് കഴിയില്ലെന്ന് റിപ്പോര്‍ട്ട്. വരും ദശകങ്ങളില്‍ രാജ്യത്തെ നഗരജനസംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രവചനം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നഗരങ്ങളിലെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും, ജനസംഖ്യ ഇനിയും വര്‍ധിച്ചാല്‍ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ കഠിനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മുംബൈയിലെ ജനസംഖ്യ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ 80 ലക്ഷം വര്‍ധിച്ച് രണ്ട് കോടിയായി ഉയര്‍ന്നിരുന്നു. 2035 ഓടെ ജനസംഖ്യയില്‍ 75 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 

രാജ്യത്തെ മറ്റ് മഹാനഗരങ്ങളിലെ പോലെ മുംബൈയിലെ പാർപ്പിടം, ഗതാഗതം, ജലം, മാലിന്യ സംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലായിട്ടില്ല, ഏകദേശം 40 ശതമാനം ആളുകളും ചേരികളിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യ നിലവിലെ 140 കോടിയിൽ നിന്ന് ഉയർന്ന് ചൈനയെ മറികടക്കുമെന്നും 2060കളിൽ 170 കോടിയിലെത്തുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇത് 150 കോടിയായി കുറയുമെന്നും യുഎന്‍ പ്രവചിക്കുന്നു. 2040ഓടെ ഇന്ത്യൻ നഗരങ്ങളിൽ 27 കോടി ആളുകൾ കൂടി ജീവിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ അനുമാനം. ഇതോടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകും. ജനപ്പെരുപ്പം, മോശം അടിസ്ഥാന സൗകര്യങ്ങൾ, വായു, ജല, ശബ്ദ മലിനീകരണം എന്നിവ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മഹാനഗരങ്ങളിലെ ദൈനംദിന ജീവിതം കഠിനമാക്കിയിരിക്കുകയാണ്. 

രണ്ട് കോടി ജനങ്ങള്‍ വസിക്കുന്ന ഡല്‍ഹിയിലെ ഗുരുതരമായ വായുമലിനീകരണം 2019ല്‍ 17,500 അകാല മരണങ്ങള്‍ക്ക് കാരണമായതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടാറുള്ളത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പ്രളയം ഉണ്ടാകുന്നതും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഐടി ഹബ്ബ് എന്നറിയപ്പെടുന്ന ബംഗളുരുവില്‍ ഗതാഗതക്കുരുക്ക് മൂലം നഗരവാസികള്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:Population growth in Indi­an cities
You may also like this video

Exit mobile version