Site iconSite icon Janayugom Online

തോല്‍ക്കില്ല… മനസിനൊപ്പം കുതിക്കും സിന്ധു

sindhusindhu

മൂന്നാം വയസിൽ പോളിയോ കാലുകളെ തളർത്തിയെങ്കിലും തളരാത്ത മനസുമായി അവൾ ഉയിർത്തെഴുന്നേറ്റു. മാതാപിതാക്കളുടെ ചേർത്തുപിടിക്കലിലൂടെ ജീവിതം ഒരു പോരാട്ടമാക്കി. ജീവിതത്തിൽ തോൽക്കാതിരിക്കാനായി പണ്ടു സിന്ധു താണ്ടിയ വഴികൾ പരിമിതികളിൽ പരിതപിച്ചും വിധിയെ പഴിചാരിയും ജീവിതം തള്ളിനീക്കുന്നവർക്കൊരു പ്രചോദനമാണ്.
ചെറുതായിരിക്കുമ്പോൾ മുതൽ പഴങ്ങൾ ഏറെ ഇഷ്ടമുള്ള സിന്ധുവിനെ അച്ഛൻ പണ്ടു എന്നാണ് വിളിച്ചിരുന്നത്. പണ്ടു എന്നാൽ തെലുങ്കിൽ ഫലങ്ങൾ എന്നണാർത്ഥം. പിന്നീട് മുതിർന്നപ്പോഴും അതുകൂടി പേരിനൊപ്പം ചേർന്നു. അങ്ങനെ സിന്ധു ‘പണ്ടു സിന്ധു‘വായി.
മൂന്നു വയസു വരെ വിശ്രമമില്ലാതെ ഓടിനടന്ന സിന്ധുവിന്റെ കാലുകൾ പോളിയോ ബാധിച്ചു തളർന്നതോടൊപ്പം ക്രമേണ എല്ലുകൾ ദുർബലമാകുന്ന അസുഖവും പിടികൂടിയപ്പോൾ ശരീരത്തിന്റെ പകുതിഭാഗം നിശ്ചലമായി. പിന്നെ ജീവിതം ബാലൻസ് ചെയ്തത് ചക്രക്കസേരയിലിരുന്നാണ്. ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പ്രാണൻ പോകുന്ന വേദന.. ഇപ്പോഴും അവശതകൾ കൂടെയുണ്ട്… എന്നാലും തോറ്റു മടങ്ങാനനുവദിക്കാത്ത മനസിനൊപ്പം കുതിക്കുകയാണ് സിന്ധു. 

ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്താണ് സിന്ധു തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. റെയിൽവേയിൽ സൂപ്പർവൈസറായിരുന്ന അച്ഛൻ വിശ്വനാഥന്റെ ജോലിയുടെ ഭാഗമായി സിന്ധുവിന്റെ ബാല്യവും കൗമാരവുമെല്ലം ആന്ധ്രാപ്രദേശിലായിരുന്നു. പ്ലസ് വൺ വരെ ഇരുന്നു നീങ്ങുന്ന അവസ്ഥയിലായിരുന്നു. ആദ്യമൊക്കെ അച്ഛൻ സ്കൂളിൽ കൊണ്ടിരുത്തുമായിരുന്നു. ക്ലാസിലിരുന്നാൽ എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കൂട്ടുകാരോടൊപ്പം കൂട്ടുകൂടാനൊക്കെ ആഗ്രഹമുണ്ടെങ്കിലും അവരെല്ലാം അന്യജീവിയോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. എന്തിനേറെ, അധ്യാപകർക്കുപോലും എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. മറ്റു കുട്ടികളോടെല്ലാം ഭാവിയിൽ ആരാകണമെന്ന് ചോദിക്കുമ്പോൾ എന്നെ മാത്രം അവർ ഒഴിവാക്കും. കാരണം, ഈ അവസ്ഥയിൽ എന്നെക്കൊണ്ടൊന്നിനും കഴിയില്ലെന്ന് അവർ കരുതിക്കാണും. എന്നാൽ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം അന്നം കണ്ടെത്താൻ എന്നെ പ്രാപ്തയാക്കണമെന്ന അച്ഛന്റെ ആഗ്രഹത്താൽ പഠനവുമായി മുന്നോട്ടുപോയി. വേദനകളിൽ നിന്നു മോചനം നേടാൻ പാഠപുസ്തകങ്ങളിലേക്കു കണ്ണുനട്ടു. കാലിനു വേദനിക്കുമ്പോൾ ആ കാൽനഖത്തിൽ നെയിൽ പോളിഷ് പുരട്ടി ആശ്വസിച്ചു. പിന്നീട് പാട്ടുകൾ കേട്ടു പഠിച്ചു തനിയെ പാടിത്തുടങ്ങി. അങ്ങനെ സംഗീതം വേദന മറക്കാനുള്ള മരുന്നായി. 

അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റെ 23-ാം വയസിലാണ് ആന്ധ്രയിലെ കാകതീയ സർവകലാശാലയിൽ നിന്നു സമ്പാദിച്ച ഡിഗ്രിയും മുറിമലയാളവും പിന്നെ, ഒരുപാടു മോഹങ്ങളുമായി നാട്ടിലേക്കെത്തിയത്. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. ഹിന്ദിയിലും തെലുങ്കിലും എഴുതിയാണ് സിന്ധു മലയാളം പഠിച്ചത്. ഇപ്പോൾ മലയാളം ഉൾപ്പെടെ ഏഴു ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. തൊഴിൽ പരിശീലനത്തിനിടെ 2009ൽ ഐഎഎസ് പ്രിലിംസ് പരീക്ഷ ജയിച്ചു. ആ സമയത്താണ് എല്ലുകൾക്കു ബലക്ഷയം കലശലായത്. കടുത്ത വേദനയിൽ ആ മോഹവും അണഞ്ഞു. പ്രതീക്ഷ കൈവിടാതെ പിഎസ്‍സി പരീക്ഷകൾ എഴുതി. ഇതുവരെ 28 റാങ്ക് ലിസ്റ്റിൽ പേരു വന്നു. ഇതിൽ ഡെപ്യൂട്ടി കളക്ടർ ജോലിയും ഉൾപ്പെടുന്നു. പക്ഷേ, അത്രയും ഭാരിച്ച ഉത്തരവാദിത്തം ബുദ്ധിമുട്ടാകുമെന്ന ഡോക്ടർമാരുടെ ഉപദേശത്താൽ അതുപേക്ഷിച്ചു. 

രണ്ടു പ്രളയങ്ങൾ കേരളത്തെ മുക്കിയപ്പോഴും കോവിഡ് മഹാമാരിയുടെ കാലത്തും പഞ്ചായത്തു വകുപ്പിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എന്ന ജോലി ഭംഗിയായി നിർവഹിച്ചിരുന്നു. അന്ന് 13 പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്നു. പ്രത്യേകം രൂപകല്പന ചെയ്ത കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്താണ് സിന്ധുവിന്റെ യാത്രകൾ. മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരമുൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങളും സിന്ധുവിനെ തേടിയെത്തിയിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനരംഗത്തും സജീവമായ പണ്ടു സിന്ധു ഇപ്പോൾ തൃശൂർ കള‌‌ക്‌ടറേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ സീനിയർ സൂപ്രണ്ടാണ്. ഇരിങ്ങാലക്കുട പൊറത്തിശേരിയിലാണ് താമസം. സ്വകാര്യസ്ഥാപനത്തിൽ ഓഡിറ്ററായ ജയകുമാറാണ് ഭർത്താവ്. 

You may also like this video

Exit mobile version