രാജ്യത്തെ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായി ആധാർ കാർഡ് സ്വന്തമാക്കിയ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ എന്ന പ്രസക്തമായ ചോദ്യം ഉയർത്തി സുപ്രീം കോടതി. സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും, ഈ രേഖയെ അടിസ്ഥാനപ്പെടുത്തി എല്ലാവർക്കും വോട്ടവകാശം നൽകരുതെന്നും കോടതി നിർദേശിച്ചു. രാജ്യത്ത് ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ഊർജിതമാക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. രാജ്യത്ത് ആധാർ കാർഡുകൾ കൈവശം വച്ചിട്ടും വോട്ടർമാരെ ഒഴിവാക്കുന്ന വിഷയം പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ പരാമർശങ്ങൾ നടത്തിയത്. ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
“ആനുകൂല്യങ്ങളോ പദവികളോ അംഗീകരിക്കുന്നതിനുള്ള ഒരു മാനദണ്ഡമെന്ന തരത്തിലാണ് ആധാർ കാർഡ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാത്തിനുമുപരി, ഒരു പ്രത്യേക ലക്ഷ്യത്തിനും ഒരു പ്രത്യേക നിയമത്തിനും വേണ്ടിയാണ് ആധാർ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. അതിൽ ആർക്കും ഒരു തർക്കവും ഉണ്ടാകില്ല. മറ്റൊരു രാജ്യത്ത് നിന്നോ, അയൽ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് വരുന്നവർ—അവർ ഇന്ത്യയിൽ ജോലി ചെയ്യുന്നവരോ, ഇന്ത്യയിൽ താമസിക്കുന്നവരോ ആകാം, ദരിദ്രനായ റിക്ഷാക്കാരനോ നിർമാണ തൊഴിലാളിയോ ആകാം—സബ്‌സിഡി റേഷൻ്റെ ആനുകൂല്യം ലഭിക്കുന്നതിനോ മറ്റേതെങ്കിലും ആനുകൂല്യത്തിനോ വേണ്ടി നിങ്ങൾ അയാൾക്ക് ആധാർ കാർഡ് നൽകിയാൽ അത് നമ്മുടെ ഭരണഘടനാ ധാർമികതയുടെ ഭാഗമാണ്. അതാണ് നമ്മുടെ ഭരണഘടനാ ധാർമികത. എന്നാൽ അദ്ദേഹത്തിന് ഈ ആനുകൂല്യം ലഭിച്ചതിനാൽ വോട്ടർമാരാക്കണമെന്ന് അതിന് അർത്ഥമുണ്ടോ?” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

