Site iconSite icon Janayugom Online

കോവിഡിനു ശേഷം രാജ്യത്ത് മുസ്ലിം-ദളിത് വിഭാഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

ലോകമാകെ മരണത്തിന്റെ ഭീതി വിതച്ച കോവിഡിന് ശേഷം ഇന്ത്യയിലെ മുസ്ലിം-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നുവെന്ന് പഠനം. മഹാമാരിക്ക്ശേഷം മുസ്ലിം ജനവിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യം 5.4 വര്‍ഷവും പട്ടിക വര്‍ഗങ്ങളുടേത് 2.6 ഉം കുറയുന്നതായി സയന്‍സ് അഡ്വാന്‍സ് നടത്തിയ പഠനത്തില്‍ പറയുന്നു. 

കോവിഡ് പ്രത്യാഘാതത്തിന്റെ ഫലമായാണ് മുസ്ലിം-ദളിത് വിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞന്ന് 2019–20കാലത്ത് നടത്തിയ പഠനത്തിലുണ്ട്. 7,65,180 പേരില്‍ നടത്തിയ പഠനത്തിലാണ് ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി വ്യക്തമായതെന്ന് സയന്‍സ് അഡ്വാന്‍സ് ചെയ്യുന്നു.
പാര്‍ശ്വവല്‍കൃത ജനങ്ങളുടെയിടയില്‍ അസമത്വം വര്‍ധിക്കുന്നതിന്റെ അനന്തരഫലമാണ് ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിഫലിക്കുന്നത്. 2019ല്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68.8 ആയിരുന്നത് 2020ല്‍ 63.4 ആയി കുറഞ്ഞു. സവര്‍ണ ഹിന്ദു വിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിലും നേരിയ ഇടിവ് സംഭവിച്ചു. 71 വയസ് 69.7 ആയി കുറഞ്ഞു. അതേസമയം പാര്‍ശ്വവല്‍കൃത വിഭാഗമായ പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യം 4.1 മുതല്‍ 2.7വര്‍ഷം വരെ കുറഞ്ഞു. 

കോവിഡ് കാലത്ത് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍, ഹിസ്പാനിക്കുകള്‍, തദ്ദേശീയ അമേരിക്കന്‍ ജനത എന്നിവര്‍ നേരിട്ട തകര്‍ച്ചയുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യക്കുറവ് കണ്ടെത്തിയത്. ലിംഗഭേദത്തിലും ആയുര്‍ദൈര്‍ഘ്യത്തിന്റെ സ്വാധീനം പ്രകടമാണ്. രാജ്യത്ത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കുറയുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സംരക്ഷണത്തിന് സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കുറഞ്ഞ തുകയാണ് ചെലവഴിക്കുന്നത്. വര്‍ധിക്കുന്ന ജീവിത ചെലവ് കാരണം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നടപടികള്‍ മന്ദഗതിയിലാണ് നടക്കുന്നത്. പോഷകഹാരക്കുറവ്, ദാരിദ്ര്യം എന്നിവയും സ്ത്രീകളുടെ ആയുസ് കുറയാന്‍ കാരണങ്ങളാണ്. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം, സാമ്പത്തികത്തകര്‍ച്ച, സര്‍ക്കാര്‍ ധനസഹായത്തിന്റെ അഭാവം എന്നിവയാണ് സ്ത്രീകളുടെ ആയുസ് ഒരു വര്‍ഷം കുറയാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Post-Covid, the life expectan­cy of Mus­lims and Dal­its in the coun­try has decreased

You may also like this video

Exit mobile version