Site iconSite icon Janayugom Online

എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം വരുന്നു

votingvoting

പ്രവാസി ഇന്ത്യക്കാര്‍ വിദേശ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര.

എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, മൗറിഷ്യസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍, ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ ഒമ്പത് മുതല്‍ 19 വരെയാണ് ഇരു രാജ്യങ്ങളിലുമെത്തി എന്‍ആര്‍ഐ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയത്. ഇലക്ട്രോണിക് രീതിയിലുള്ള പോസ്റ്റല്‍ ബാലറ്റ് സംവിധാനമാണ് വിദേശത്തുള്ള വോട്ടര്‍മാര്‍ക്കുവേണ്ടി തയാറാക്കാന്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. നിലവിലുള്ള എന്‍ആര്‍ഐ വോട്ടര്‍മാരുടെ എണ്ണം തീരെ കുറഞ്ഞ നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ മാസം ലോക്‌സഭയെ അറിയിച്ചിരുന്നു. 2020ല്‍ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. വിദേശ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നവര്‍, തെരഞ്ഞെടുപ്പില്‍ സ്വന്തം പോളിങ് ബൂത്തിലെത്തി നേരിട്ട് വോട്ട് ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 1.12 ലക്ഷം പേരാണ് പ്രവാസി വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Eng­lish Sum­ma­ry: Postal bal­lot sys­tem is com­ing to NRI voters

You may like this video also

Exit mobile version