Site iconSite icon Janayugom Online

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

covidcovid

സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഏതാണ്ടത്രയും പേർ തന്നെ കോവിഡ് മുക്തരാകാറുണ്ട്. കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും. കോവിഡ് മുക്തരായ എല്ലാവർക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്കവിധമാണ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും. കോവിഡ് മുക്തരായവരിൽ അമിത ക്ഷീണം, പേശീ വേദന മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങളും കണ്ടുവരുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കോവിഡ് രോഗങ്ങൾക്ക് ചികിത്സ തേടിയത്. ഇതിൽ 53,280 പേരിൽ ശ്വാസകോശം, 8609 പേരിൽ ഹൃദ്രോഗം, 19,842 പേരിൽ പേശീ വേദന, 7671 പേരിൽ ന്യൂറോളജിക്കൽ, 4568 പേരിൽ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2732 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്തു. 1294 പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നൽകുന്നത്. സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളാണ് സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്നത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ഇ സ്ജീവനി ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം , റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ.എൻ.ടി., അസ്ഥിരോഗവിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങളും ലഭ്യമാണ്.

Eng­lish Sum­ma­ry: Post­covid clin­ics in all hospitals

You may like this video also

Exit mobile version