Site icon Janayugom Online

അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള അമിത് ഷായുടെ ചിത്രം പോസ്റ്റ് ചെയ്തു: സംവിധായകനെതിരെ കേസ്

ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളുമായുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവച്ചതിന് സംവിധായകന്‍ അവിനാശ് ദാസിനെതിരേ അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തു.

ഈ മാസം എട്ടിനാണ് സംവിധായകന്‍ ചിത്രം ട്വീറ്റ് ചെയ്തത്. ചിത്രം അഞ്ച് വര്‍ഷം മുമ്പുള്ളതാണെന്നും ഇപ്പോള്‍ അവിനാഷ് ഈ ചിത്രം പങ്കുവച്ചത് വഴി അമിത് ഷായുടെ പ്രതിച്ഛായ നഷ്ടം വരുത്താനാണ് ഉദ്ദേശിച്ചതെന്നും പൊലീസ് പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രം ധരിച്ച യുവതിയുടെ ചിത്രം പങ്കുവച്ചതിനും അവിനാശിനെതിരെ കേസെടുത്തിട്ടുണ്ട്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് കേസ്.

‘അനാര്‍ക്കലി ഓഫ് അറാ’ എന്ന ചിത്രത്തിലൂടെയാണ് അവിനാഷ് ശ്രദ്ധേയനായത്. വിവിധ വകുപ്പുകളാണ് അവിനാശിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി അവിനാശിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിവാദമായതിന് പിന്നാലെ സംവിധായകന്റെ ട്വിറ്റര്‍, ഫേസ്‌ബുക്ക് പേജുകള്‍ അപ്രത്യക്ഷമായെന്നും പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജാ സിംഗാളിനെ ഇഡി അറസ്റ്റുചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

Eng­lish summary;Posted a pic­ture of Amit Shah with the arrest­ed IAS offi­cer: Case against the director

You may also like this video;

Exit mobile version