Site iconSite icon Janayugom Online

മുനമ്പം വിഷയത്തില്‍ മുസ്ലീംലീഗിനെതിരെ പോസ്റ്ററുകള്‍

മുനമ്പം വിഷയത്തില്‍ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാക്കെതിരെയും പോസ്റ്ററുകള്‍. എറണാകുളം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു മുമ്പിലാണ് പോസ്റ്റര്‍ പതിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മുസ്ലീലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റററുകള്‍ പതിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് .വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർടിയെയും മുഹമ്മദ് ഷാ വഞ്ചിച്ചു എന്നാണ് പോസ്റ്ററിൽ പറയുന്നത്.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർടിയെയും വി ഡി സതീശനെയും ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിക്കുന്നു. എറണാകുളം ജില്ലയിൽ പാർടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക എന്നും പോസ്റ്ററിലുണ്ട്. മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കോഴിക്കോട് യോഗം ചേരാനിരിക്കെയാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ വി ഡി സതീശനെതിരെയായിരുന്നു കോഴിക്കോട്ടെ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പോസ്റ്ററുകൾ പതിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞാൽ അത് വഖഫ് ഭൂമി അല്ലാതാകില്ലെന്നുമുള്ള കെ എം ഷാജിയുടെ നിലപാടിനെ പിന്തുണച്ചും കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചുമായിരുന്നു ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലുള്ള പോസ്റ്ററുകൾ.

വഖഫ് വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ടെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വിലക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളെ വിളിക്കൂ, ലീഗിനെ രക്ഷിക്കൂഎന്നും മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർടി പുറത്താക്കണ’മെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മുനമ്പം വിഷയത്തിൽ ലീഗ് നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. കെ എം ഷാജി പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചതിനെ തുടർന്ന് ലീഗ് പരസ്യപ്രസ്താവന വിലക്കുകയും ചെയ്തിരുന്നു. സമസ്ത മുശാവറയിൽ നിന്ന് ഇന്നലെ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങി പോയ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുക.

Exit mobile version